India

നിലവാരമില്ലാത്ത പരിശോധന; ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ ലാബിന്റെ അക്രഡിറ്റേഷന്‍ സസ്‌പെന്റ് ചെയ്തു

ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ലാബില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളില്ലെന്നും നിലവില്‍ നടത്തിവരുന്ന പരിശോധന രീതിയില്‍ പിഴവുകളുണ്ടെന്നും 'വാഡ' നടത്തിയ പരിശോധനയില്‍ വ്യക്തമായ സാഹചര്യത്തിലാണ് അക്രഡിറ്റേഷന്‍ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.

നിലവാരമില്ലാത്ത പരിശോധന; ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ ലാബിന്റെ അക്രഡിറ്റേഷന്‍ സസ്‌പെന്റ് ചെയ്തു
X

ന്യൂഡല്‍ഹി: പരിശോധനയില്‍ നിലവാരമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉത്തേജക മരുന്നുപയോഗം കണ്ടുപിടിക്കാനുള്ള ലാബിന്റെ (നാഷനല്‍ ഡോപ് ടെസ്റ്റിങ് ലാബറട്ടറി- എന്‍ഡിടിഎല്‍) അക്രഡിറ്റേഷന്‍ അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ ഏജന്‍സി (വാഡ) സസ്‌പെന്റ് ചെയ്തു. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ലാബില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളില്ലെന്നും നിലവില്‍ നടത്തിവരുന്ന പരിശോധന രീതിയില്‍ പിഴവുകളുണ്ടെന്നും 'വാഡ' നടത്തിയ പരിശോധനയില്‍ വ്യക്തമായ സാഹചര്യത്തിലാണ് അക്രഡിറ്റേഷന്‍ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.

വാഡയുടെ ലബോറട്ടറി എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് കഴിഞ്ഞ മെയിലാണ് ലാബിനെതിരേ അച്ചടക്കനടപടികള്‍ ആരംഭിച്ചത്. വിഷയം സ്വതന്ത്ര അച്ചടക്കസമിതി പരിശോധിക്കുകയും ലാബിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വാഡ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ശുപാര്‍ശ കൈമാറുകയുമായിരുന്നു. 2019 ആഗസ്ത് 20 മുതലാണ് സസ്‌പെന്‍ഷന്‍ പ്രാബല്യത്തിലായത്. ഇക്കാലയളവില്‍ ഉത്തേജക മരുന്ന് പ്രയോഗവുമായി ബന്ധപ്പെട്ട ഒരു പരീക്ഷണങ്ങളും പരിശോധനകളും എന്‍ഡിടിഎല്‍ നടത്തുന്നതിന് വാഡ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മൂത്രത്തിന്റെയോ രക്തത്തിന്റെയോ സാമ്പിളുകളുടെ പരിശോധനയും നടത്തരുത്. ഇതുവരെ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട യാതൊരു റിപോര്‍ട്ടുകളും പ്രസിദ്ധീകരിക്കരുത്.

നിലവില്‍ നടത്തുന്ന സാമ്പിളുകളുടെ പരിശോധന വാഡ അംഗീകൃത ലബോറട്ടറിലേക്ക് കൈമാറണം. ഇത് അത്‌ലറ്റുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കഴിയും. ആറുമാസത്തിനകം ചൂണ്ടിക്കാണിക്കപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണം. തുടര്‍ന്ന് ലാബില്‍ വിദഗ്ധസംഘം പരിശോധന നടത്തിയശേഷം തൃപ്തികരമെങ്കില്‍ മാത്രമാവും അക്രഡിറ്റേഷന്‍ പുനസ്ഥാപിക്കുക. ഇല്ലെങ്കില്‍ വീണ്ടും സ്‌പെന്‍ഷന്‍ കാലാവധി ആറുമാസംകൂടി നീട്ടും. ലോക ആന്റി ഡോപ്പിങ് കോഡിലെ ആര്‍ട്ടിക്കിള്‍ 13.7 പ്രകാരം നോട്ടീസ് ലഭിച്ച് 21 ദിവസത്തിനുള്ളില്‍ ലബോറട്ടറിക്ക് ഈ തീരുമാനത്തിനെതിരേ ആര്‍ബിട്രേഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടാവുമെന്ന് വാഡ വ്യക്തമാക്കി.

Next Story

RELATED STORIES

Share it