India

ഏക സിവില്‍ കോഡുമായി ഉത്തരാഖണ്ഡ് മുന്നോട്ട്; കേന്ദ്ര സര്‍ക്കാറിനെ എതിര്‍ത്ത് സഖ്യകക്ഷി

ഏക സിവില്‍ കോഡുമായി ഉത്തരാഖണ്ഡ് മുന്നോട്ട്; കേന്ദ്ര സര്‍ക്കാറിനെ എതിര്‍ത്ത് സഖ്യകക്ഷി
X

ഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് മുന്നോട്ടുപോകവെ, ഇതേ മാതൃകയിലാകും കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലാകെ ഏക സിവില്‍ കോഡ് നടപ്പാക്കുകയെന്നു സൂചന. റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിനായി ഏക സിവില്‍ കോഡിന്റെ കരട് റിപ്പോര്‍ട്ട് തയാറാക്കിയത്. കരടുരേഖ ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിനു കൈമാറുമെന്നു സമിതി അധ്യക്ഷയും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ രഞ്ജന ദേശായ് വ്യക്തമാക്കിയിരുന്നു. ഈ മാസം തന്നെ ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് ഇറക്കുമെന്നാണു സൂചന.

ഉത്തരാഖണ്ഡിന്റെ കരട് അടിസ്ഥാനമാക്കിയാക്കും ഏക സിവില്‍ കോഡ് രാജ്യവ്യാപകമായി നടപ്പാക്കാന്‍ കേന്ദ്രം ശ്രമിക്കുകയെന്നാണ് വിലയിരുത്തല്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു. ജെന്‍ഡര്‍ തുല്യത ഉറപ്പാക്കിയുള്ള ബില്ലാണ് ഉത്തരാഖണ്ഡിലേതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത വ്യത്യാസമില്ലാത്തെ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വത്ത് വീതം വയ്ക്കല്‍, മാതാപിതാക്കളോടുള്ള കരുതല്‍, ദത്തെടുക്കല്‍, വിവാഹമോചനം തുടങ്ങിയവയില്‍ തുല്യത കരടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

വിവാഹപ്രായ ഏകീകരണം, ലിവ്ഇന്‍ റിലേഷന്‍ഷിപ്പുകള്‍, ഈ ബന്ധത്തിലുണ്ടാകുന്ന കുട്ടികള്‍, വിവാഹ റജിസ്‌ട്രേഷന്‍, ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം, ചെറുപ്രായത്തില്‍ കുട്ടികള്‍ ഉണ്ടാകുന്നത് തുടങ്ങി വിവിധ വിഷയങ്ങള്‍ ദേശായി കമ്മിറ്റി പരിഗണിച്ചിട്ടുണ്ട്. ഇരുപതിനായിരത്തോളം ആളുകളെ നേരില്‍ കണ്ടും വിവിധ മാര്‍ഗങ്ങളിലൂടെ ലഭിച്ച 2.3 ലക്ഷം അഭിപ്രായങ്ങള്‍ പരിശോധിച്ചുമാണു രേഖ തയാറാക്കിയതെന്നും, മറ്റു രാജ്യങ്ങളിലെ നിയമസംവിധാനങ്ങള്‍ വരെ പരിശോധിച്ചെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ധാമി സര്‍ക്കാര്‍ ഏക സിവില്‍ കോഡിന്റെ വ്യവസ്ഥകള്‍ തയാറാക്കാന്‍ സമിതിയെ നിയോഗിച്ചത്.

ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തില്‍ എതിര്‍പ്പുമായി മേഘാലയ മുഖ്യമന്ത്രിയും എന്‍.പി.പി അധ്യക്ഷനുമായ കോണ്‍റാഡ് സാങ്മ. ബി.ജെ.പി.യുടെ സഖ്യകക്ഷിയാണ് എന്‍.പി.പി. ഏകസിവില്‍കോഡ് ഇന്ത്യയുടെ വൈവിധ്യത്തെയും സാംസ്‌കാരിക സവിശേഷതകളെയും തകര്‍ക്കുമെന്ന് സാങ്മ പറഞ്ഞു.





Next Story

RELATED STORIES

Share it