India

റോഡ് ഷോ; മധുര വിമാനത്താവളം 'ആക്രമിച്ച്' ടിവികെ പ്രവര്‍ത്തകര്‍; ഗേറ്റുകളടക്കം തകര്‍ത്തു; കേസെടുത്തു

റോഡ് ഷോ; മധുര വിമാനത്താവളം ആക്രമിച്ച് ടിവികെ പ്രവര്‍ത്തകര്‍; ഗേറ്റുകളടക്കം തകര്‍ത്തു; കേസെടുത്തു
X

മധുര: മധുര വിമാനത്താവളം തകര്‍ത്ത സംഭവത്തില്‍ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്യുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് തമിഴ്നാട് പോലിസ്.വിജയിയുടെ റോഡ് ഷോയ്ക്കിടെയാണ് പ്രവര്‍ത്തകര്‍ മധുര വിമാനത്താവളത്തില്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. വിജയ് സിനിമയുടെ ഷൂട്ടിങ്ങിന് എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ കൂട്ടമായി വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയത്. മാധ്യമപ്രവര്‍ത്തകരില്‍ ചിലരെ വിജയ്യുടെ ബൗണ്‍സര്‍മാര്‍ കയ്യേറ്റം ചെയ്തതും തര്‍ക്കത്തിനിടയാക്കി. കേരളത്തില്‍ നിന്നുള്ള യുവാക്കളുടെ സംഘമാണു വിജയ്യുടെ ബൗണ്‍സര്‍മാരായി കൂടെയുണ്ടായിരുന്നത്. ഇവര്‍ക്കെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്.

നടനെ കണ്ട് ആവേശഭരിതരായവര്‍ വിജയ് സഞ്ചരിച്ച വാഹനത്തിനു മുകളില്‍ കയറിയതോടെ വാഹനത്തിന്റെ മുന്‍ഭാഗവും തകര്‍ന്നു. സംഘം കടന്നുപോയത് വിമാനത്താവളത്തിന്റെ മുന്‍ഭാഗത്തെ ഡിവൈഡറിലെ ചെറു ഗേറ്റുകളും മറ്റും തകര്‍ത്താണ്. പിന്നീട് കൊടൈക്കനാലിലെത്തിയ വിജയ് അവിടെയും റോഡ് ഷോ നടത്തി. ചിത്രീകരണം പൂര്‍ത്തിയാക്കി ഇന്നലെ തിരികെ മധുര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇവിടെ വീണ്ടും സംഘര്‍ഷമുണ്ടായി. വിജയ്ക്കു പൊന്നാട അണിയിക്കാനെത്തിയ പ്രവര്‍ത്തകരിലൊരാളുടെ തലയ്ക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കുചൂണ്ടിയ ശേഷം തള്ളി മാറ്റി.

അതേസമയം, വനിതാനേതാക്കളെ പരിഗണിക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ടെന്നും ആരോപിച്ച് വിജയിയുടെ പാര്‍ട്ടിയില്‍ നിന്നും രാജി തുടങ്ങി. സാമൂഹികമാധ്യമങ്ങളിലുടെ പ്രശസ്തയായ വൈഷ്ണവിയാണ് തമിഴക വെട്രിക്കഴകത്തില്‍നിന്നും രാജിവച്ചിരിക്കുന്നത്.





Next Story

RELATED STORIES

Share it