India

ടൂള്‍ കിറ്റ് കേസ്: അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി ആക്ടിവിസ്റ്റ് നിഖിത ജേക്കബ് ബോംബെ ഹൈക്കോടതിയില്‍

നാല് ആഴ്ചയെങ്കിലും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് നിഖിത ബോംബെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉള്‍പ്പടെ എല്ലാ ഉപകരണങ്ങളും പോലിസ് പിടിച്ചെടുത്തുവെന്നും ഹരജിയില്‍ നിഖിത ആരോപിച്ചു.

ടൂള്‍ കിറ്റ് കേസ്: അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി ആക്ടിവിസ്റ്റ് നിഖിത ജേക്കബ് ബോംബെ ഹൈക്കോടതിയില്‍
X

മുംബൈ: കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് പങ്കുവച്ച ടൂള്‍ കിറ്റ് പ്രതിഷേധ പരിപാടിയുടെ പേരില്‍ ഡല്‍ഹി കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ആക്ടിവിസ്റ്റും അഭിഭാഷകയുമായ നിഖിത ജേക്കബ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. നാല് ആഴ്ചയെങ്കിലും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് നിഖിത ബോംബെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉള്‍പ്പടെ എല്ലാ ഉപകരണങ്ങളും പോലിസ് പിടിച്ചെടുത്തുവെന്നും ഹരജിയില്‍ നിഖിത ആരോപിച്ചു.

തനിക്കെതിരേ ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്തുവെന്ന് പറയപ്പെടുന്ന എഫ്‌ഐആറിന്റെ പകര്‍പ്പ് നല്‍കണമെന്നും നിഖിത ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. പിടിച്ചെടുത്ത രേഖകള്‍, ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ച് പോലിസ് വിശദമായി രേഖപ്പെടുത്തി നല്‍കണം. ഇ-മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡുകളും പോലിസ് സംഘം വാങ്ങിയിട്ടുണ്ട്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായും മാധ്യമവിചാരണയെത്തുടര്‍ന്നും അറസ്റ്റുണ്ടാവുമെന്ന് നിഖിതയ്ക്ക് ആശങ്കയുണ്ടെന്ന് അഭിഭാഷന്‍ ചൂണ്ടിക്കാട്ടി. അഭിഭാഷകന്‍ മുഖേന നിഖിത സമര്‍പ്പിച്ച ഹരജിയില്‍ ചൊവ്വാഴ്ച ജസ്റ്റിസ് പി ഡി നായിക് വാദം കേള്‍ക്കും.

ഡല്‍ഹി പോലിസിന്റെ സൈബര്‍ യൂനിറ്റാണ് ഈ കേസില്‍ അന്വേഷണം നടത്തിവരുന്നത്. കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണ നല്‍കിയെന്നും ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍വഴി സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നിഖിതയ്‌ക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി 11ന് സൈബര്‍ സെല്‍ യൂനിറ്റിന്റെ നിര്‍ദേശപ്രകാരം മുംബൈയിലെ വനറായി പോലിസ് സ്‌റ്റേഷനില്‍നിന്നുള്ള പോലിസ് സംഘമാണ് നിഖിതയുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. തുടര്‍ന്ന് ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം കൊണ്ടുപോവുകയായിരുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട ബംഗളൂരുവില്‍നിന്നുള്ള ആക്ടിവിസ്റ്റ് ദിഷ രവിയുടെ അറസ്റ്റിനെ അപലപിച്ച് മുന്‍ പരിസ്ഥിതി മന്ത്രി ജയ്‌റാം രമേഷ്, പി ചിദംബരം, ശശി തരൂര്‍, പ്രിയങ്ക ചതുര്‍വേദി, സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it