India

പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കര്‍ണാടകയില്‍ മൂന്ന് കശ്മീരി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; രാജ്യദ്രോഹക്കുറ്റം ചുമത്തി

കര്‍ണാടക ഹുബ്ബള്ളിയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന മൂന്നാംവര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ആമിര്‍ മൊഹിയുദ്ദീന്‍ വാനി, രണ്ടാം സെമസ്റ്റര്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ ബാസിത് ആസിഫ് സോഫി, താലിബ് മജീദ് എന്നിവരാണ് അറസ്റ്റിലായത്.

പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കര്‍ണാടകയില്‍ മൂന്ന് കശ്മീരി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; രാജ്യദ്രോഹക്കുറ്റം ചുമത്തി
X

ബംഗളൂരു: പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് കര്‍ണാടകയില്‍ മൂന്ന് കശ്മീരി വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റുചെയ്തു. കര്‍ണാടക ഹുബ്ബള്ളിയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന മൂന്നാംവര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ആമിര്‍ മൊഹിയുദ്ദീന്‍ വാനി, രണ്ടാം സെമസ്റ്റര്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ ബാസിത് ആസിഫ് സോഫി, താലിബ് മജീദ് എന്നിവരാണ് അറസ്റ്റിലായത്. രാജ്യദ്രോഹക്കുറ്റം (124 എ), സാമുദായിക ഐക്യത്തിന് വിഘാതം സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി 153 (എ), 153 (ബി) എന്നീ വകുപ്പുകളും ഇവര്‍ക്കെതിരേ ചുമത്തിയതായി പോലിസ് കമ്മീഷണര്‍ ആര്‍ ദിലീപ് അറിയിച്ചു. പാകിസ്താന്‍ സിന്ദാബാദ്, ഫ്രീ കശ്മീര്‍ പരാമര്‍ശങ്ങളുളള വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചുവെന്നാണ് കേസ്.

പുല്‍വാമ ദിനത്തില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് കോളജില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായെത്തുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ബസവരാജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജിലെത്തിയ പോലിസ് വിദ്യാര്‍ഥികളെ അറസ്റ്റുചെയ്തു. വാഹനത്തില്‍ കയറ്റുന്നതിനിടെ ഇവരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തുടര്‍ന്ന് പോലിസ് ഇടപെട്ട് അക്രമികളെ പിന്തിരിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥികളെ ഗോകുലം റോഡ് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ധാര്‍വാഡ് പോലിസ് കമ്മീഷണര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികളെയും കോളജില്‍നിന്ന് സസ്‌പെന്റ് ചെയ്തു.

Next Story

RELATED STORIES

Share it