Sub Lead

പാഠപുസ്തകങ്ങളില്‍ നിന്ന് തങ്ങളുടെ പേര് നീക്കം ചെയ്യണം: സുഹാസ് പാല്‍ഷിക്കറും യോഗേന്ദ്ര യാദവും

പാഠപുസ്തകങ്ങളില്‍ നിന്ന് തങ്ങളുടെ പേര് നീക്കം ചെയ്യണം: സുഹാസ് പാല്‍ഷിക്കറും യോഗേന്ദ്ര യാദവും
X

ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ നിന്ന് തങ്ങളുടെ പേര് നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എന്‍.സി.ഇ.ആര്‍.ടിക്ക് മുന്നറിയിപ്പ് നല്‍കി സുഹാസ് പാല്‍ഷിക്കറും യോഗേന്ദ്ര യാദവും. ഒന്‍പത് മുതല്‍ പത്താം ക്ലാസ് വരെയുള്ള പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളുടെ മുന്‍ ഉപദേഷ്ടാക്കളായിരുന്നു ഇരുവരും. ആവശ്യം ചൂണ്ടിക്കാട്ടി ഇരുവരും എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡി.പി സക്ലാനിക്ക് കത്തയച്ചു.

ഒരു വര്‍ഷത്തിലേറെയായി തങ്ങള്‍ മുഖ്യ ഉപദേഷകരുടെ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിട്ടെന്നും തങ്ങളുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടും പാഠപുസ്തകങ്ങളില്‍ വീണ്ടും പേര് ഉള്‍പ്പെടുത്തിയെന്നും കത്തില്‍ പറയുന്നു. 12ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പില്‍ ബാബരി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാത്തത് സംബന്ധിച്ച് വിവാദങ്ങള്‍ നിലനില്‍ക്കെയാണ് എന്‍.സി.ഇ.ആര്‍.ടിക്ക് കത്തയച്ച് ഇരുവരും രംഗത്തെത്തിയത്.

''നേരത്തെയും ചില വിഷയങ്ങള്‍ തെരഞ്ഞെടുത്ത് കൊണ്ട് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അതിന് പുറമേ യാഥാര്‍ത്ഥ്യവുമായി ചേരാത്ത തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളുമാണ് പാഠപുസ്തകങ്ങളില്‍ ഇപ്പോള്‍ നടത്തുന്നത്.

ഞങ്ങള്‍ ആരുമായും കൂടിയാലോചിക്കാതെ പാഠപുസ്തകങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ എന്‍.സി.ഇ.ആര്‍.ടിക്ക് നിയമപരമായ അവകാശമില്ല. എന്നിട്ടും ഞങ്ങളുടെ പേരില്‍ തന്നെ തിരുത്തിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു,'' കത്തില്‍ പറയുന്നു.

രാഷ്ട്രീയ പക്ഷപാതപരമായ ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ എന്‍.സി.ഇ.ആര്‍.ടി തങ്ങളുടെ പേര് മറയാക്കുകയാണെന്നും കത്തില്‍ ആരോപിച്ചു. തങ്ങളുടെ പേരില്‍ പ്രസിദ്ധീകരിച്ച പുതുക്കിയ പാഠപുസ്തകങ്ങള്‍ ഉടന്‍ തന്നെ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

പുതുക്കിയ പാഠപുസ്തകങ്ങളില്‍ നിന്ന് ബാബരി മസ്ജിദിന്റെ പേര് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. മൂന്ന് താഴികക്കുടങ്ങള്‍ എന്നാണ് ബാബരി മസ്ജിദിനെ പാഠപുസ്തകങ്ങളില്‍ പരാമര്‍ശിച്ചിത്.




Next Story

RELATED STORIES

Share it