India

രേഖകള്‍ കൈമാറിയില്ല; ഒരുലക്ഷം വിദ്യാര്‍ഥികളുടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക കെട്ടിക്കിടക്കുന്നു

2014-15 ലെ സ്‌കോളര്‍ഷിപ്പ് തുക ഇനിയും കൈപ്പറ്റാനുള്ളത് 95,174 വിദ്യാര്‍ഥികളാണ്. 9.50 കോടി രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്യാനാവാതെ കിടക്കുന്നത്.

രേഖകള്‍ കൈമാറിയില്ല;   ഒരുലക്ഷം വിദ്യാര്‍ഥികളുടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക കെട്ടിക്കിടക്കുന്നു
X

കോഴിക്കോട്: ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള കൃത്യമായ രേഖകള്‍ കൈമാറാത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഒരുലക്ഷത്തോളം വിദ്യാര്‍ഥികളുടെ കേന്ദ്ര ന്യൂനപക്ഷ പ്രീ- മെട്രിക് സ്‌കോളര്‍ഷിപ്പ് തുക കെട്ടിക്കിടക്കുന്നു. 2014-15 ലെ സ്‌കോളര്‍ഷിപ്പ് തുക ഇനിയും കൈപ്പറ്റാനുള്ളത് 95,174 വിദ്യാര്‍ഥികളാണ്. 9.50 കോടി രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്യാനാവാതെ കിടക്കുന്നത്. മതിയായ രേഖകള്‍ സമര്‍പ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മാധ്യമങ്ങള്‍വഴി പരസ്യം നല്‍കിയിരുന്നതാണ്. എന്നാല്‍, 1,250 പേര്‍ മാത്രമാണ് ഇതുവരെ രേഖകള്‍ സമര്‍പ്പിച്ചത്. ഇതില്‍ 1000 പേര്‍ക്കുള്ള തുക അടുത്തയാഴ്ച അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് തീരുമാനം. അപേക്ഷകരില്‍ ഭൂരിഭാഗവും സ്‌കൂള്‍ മാറിയതിനാലും ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തിന് പുറത്തായതിനാലുമാണ് രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുന്നതെന്നാണ് വിവരം. 1000 രൂപയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത്.

ബാങ്ക് അക്കൗണ്ടെടുക്കാനും നിലനിര്‍ത്താനും ഇത്രതന്നെ പണം വേണമെന്നത് വിദ്യാര്‍ഥികളെ വലയ്ക്കുന്നുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാനും മറ്റാനുകൂല്യങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട് ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തോട് അധികാരികള്‍ മുഖംതിരിച്ചുനില്‍ക്കുകയാണ്. പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിനായി പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ട സമയം തിങ്കളാഴ്ച അവസാനിച്ചിരുന്നു. ഇതുവരെ 4,66,223 പുതിയ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ബാങ്ക് അക്കൗണ്ടിലെ അവ്യക്തത കാരണം സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തവരുടെ വിവരങ്ങള്‍ www.education.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്. കൃത്യമായ വിവരങ്ങള്‍ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് സഹിതം നേരിട്ടോ വിദ്യാഭ്യാസ സ്ഥാപനം വഴിയോ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 0471- 238438



Next Story

RELATED STORIES

Share it