Top

മസ്ജിദ് ഭൂമിയിലെ ക്ഷേത്രനിര്‍മാണം ഭരണഘടനാ മൂല്യങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം: എസ് ഡിപിഐ

1949ല്‍ മസ്ജിദിനകത്ത് വിഗ്രഹം സ്ഥാപിക്കുന്നത് മുതല്‍ 1992ല്‍ മസ്ജിദ് തകര്‍ക്കുന്നത് വരെയുള്ള ആര്‍എസ്എസ്സിന്റെ എല്ലാ അജണ്ടകള്‍ക്കും തുടര്‍ച്ചയായി സൗകര്യമൊരുക്കിയത് കേന്ദ്രത്തിലും യുപിയിലും ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ആയിരുന്നു. പല കോണ്‍ഗ്രസ് നേതാക്കളും ആഗസ്ത് 5 ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര ഭൂമിപൂജയ്ക്ക് തങ്ങളെ ക്ഷണിച്ചില്ലെന്നു പറഞ്ഞു പരിതപിക്കുകയാണ്.

മസ്ജിദ് ഭൂമിയിലെ ക്ഷേത്രനിര്‍മാണം ഭരണഘടനാ മൂല്യങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം: എസ് ഡിപിഐ

ന്യൂഡല്‍ഹി: ബലപ്രയോഗത്തിലൂടെ പൊളിച്ചുകളഞ്ഞ ബാബരി മസ്ജിദിന്റെ ഭൂമിയില്‍ രാമക്ഷേത്രം പണിയുന്നത് അധാര്‍മികവും അനീതിയും ജനാധിപത്യ-മതേതര മൂല്യങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയുമാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി പ്രസ്താവിച്ചു. കാലാകാലങ്ങളായി ആര്‍എസ്എസ്സിന്റെ ഒരു രാഷ്ട്രീയ ഉപകരണമായിരുന്നു ബാബരി മസ്ജിദ്. രാമക്ഷേത്രത്തിന്റെ പേരില്‍ മതവികാരം കത്തിച്ചുനിര്‍ത്തിയാണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നത്.

രണ്ടാംതവണയും വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ബിജെപി രാജ്യത്തെ എല്ലാ ജനാധിപത്യ-മതേതര സംവിധാനങ്ങളും കാവിവല്‍ക്കരിക്കുകയും കാര്യമായ എതിര്‍പ്പുകളില്ലാതെ മസ്ജിദ് ഭൂമിയില്‍ ക്ഷേത്രം പണിയാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. രാജ്യത്തെ നിഷ്പക്ഷമായി ചിന്തിക്കുന്നവരും നിയമജ്ഞരും മൊത്തം സുപ്രിംകോടതിയുടെ ബാബരി കേസിലെ അന്തിമവിധി അന്യായമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതാണ്. സമുന്നത കോടതി, വിധിയില്‍ പരാമര്‍ശിച്ച തങ്ങളുടെ തന്നെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമായി ബാബരിയുടെ ഭൂമി ക്ഷേത്രം പണിയാനായി കൈമാറുകയായിരുന്നു.

ക്ഷേത്രനിര്‍മാണത്തില്‍ ബിജെപിയെ മറികടക്കാനായി ഇന്ന് അമിതാവേശം കാട്ടുന്ന കോണ്‍ഗ്രസും സുപ്രിംകോടതി വിധി അന്യായമാണെന്ന് പറഞ്ഞ് അപലപിച്ചിരുന്നു. 1949ല്‍ മസ്ജിദിനകത്ത് വിഗ്രഹം സ്ഥാപിക്കുന്നത് മുതല്‍ 1992ല്‍ മസ്ജിദ് തകര്‍ക്കുന്നത് വരെയുള്ള ആര്‍എസ്എസ്സിന്റെ എല്ലാ അജണ്ടകള്‍ക്കും തുടര്‍ച്ചയായി സൗകര്യമൊരുക്കിയത് കേന്ദ്രത്തിലും യുപിയിലും ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ആയിരുന്നു. പല കോണ്‍ഗ്രസ് നേതാക്കളും ആഗസ്ത് 5 ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര ഭൂമിപൂജയ്ക്ക് തങ്ങളെ ക്ഷണിച്ചില്ലെന്നു പറഞ്ഞു പരിതപിക്കുകയാണ്.

മുഴുവന്‍ ഇന്ത്യക്കാരുടെയും അനുമതിയോടെയാണ് ക്ഷേത്രം പണിയുന്നത് എന്നുവരെ ചില നേതാക്കള്‍ പ്രസ്താവിച്ചുകളഞ്ഞു. തങ്ങളുടെ ഒളി-ഹിന്ദുത്വമാണ് തിരഞ്ഞെടുപ്പുകളിലെ തങ്ങളുടെ നിരന്തര പരാജയകാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും പഠിച്ചിട്ടില്ല. ഹിന്ദുത്വ അജണ്ടയില്‍ ബിജെപിയുമായി മല്‍സരിച്ച് അധികാരത്തില്‍ തിരിച്ചെത്താമെന്ന പാഴ്സ്വപ്നവുംകൊണ്ട് നടക്കുകയാണവര്‍. ഭൂമി പൂജാ ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്നാണ് വാര്‍ത്ത.

വൈവിധ്യമാര്‍ന്ന 130 കോടി ജനങ്ങളെ ഉള്‍ക്കൊള്ളുന്ന മതേതര ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് താനെന്ന യാഥാര്‍ഥ്യം മോദി മറന്നുപോവുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ഈ ചടങ്ങില്‍ പങ്കെടുക്കുന്നത് അങ്ങേയറ്റം അധാര്‍മികവും പ്രതിജ്ഞാലംഘനവും ഭരണഘടനാ വിരുദ്ധവുമായ നടപടിയാണ്. ബിജെപി സര്‍ക്കാരിന്റെ രണോല്‍സുകവും പ്രകോപനപരവുമായ നടപടികളെ എതിര്‍ക്കാനും ബാബരി മസ്ജിദ് വിഷയത്തില്‍ മുസ്ലിം സമുദായത്തിന്റെ ന്യായമായ ആശങ്കയില്‍ അവരോടൊപ്പം ശക്തമായി നിലകൊള്ളാനും മതേതര സമൂഹത്തോടും പാര്‍ട്ടികളോടും ഫൈസി ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it