India

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എസ്‌സി, എസ്ടി നിയമഭേദഗതി സുപ്രിംകോടതി ശരിവച്ചു

പട്ടികവിഭാഗക്കാരോടുള്ള അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സുപ്രിംകോടതി വിധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍, രവീന്ദ്രഭട്ട് എന്നിവരുടെ ബെഞ്ചാണ് ഈ നിയമഭേദഗതി ശരിവച്ചത്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എസ്‌സി, എസ്ടി നിയമഭേദഗതി സുപ്രിംകോടതി ശരിവച്ചു
X

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സുപ്രിംകോടതി ശരിവച്ചു. പട്ടികവിഭാഗക്കാരോടുള്ള അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സുപ്രിംകോടതി വിധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍, രവീന്ദ്രഭട്ട് എന്നിവരുടെ ബെഞ്ചാണ് ഈ നിയമഭേദഗതി ശരിവച്ചത്. നിയമം അനുസരിച്ച് കേസെടുക്കുന്നതിന് മുമ്പ് പ്രാഥമികാന്വേഷണം ആവശ്യമില്ലെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ അനുമതി ആവശ്യമില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമം തടയല്‍) നിയമപ്രകാരമുള്ള പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ ഉടനടി അറസ്റ്റുചെയ്യരുതെന്നാണ് 2018 മാര്‍ച്ച് 20ന് സുപ്രിംകോടതി വിധിച്ചത്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന അവസ്ഥയുണ്ടാവരുതെന്നും സുപ്രിംകോടതി വിധിച്ചു. പട്ടികജാതി, പട്ടികവര്‍ഗ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

ഇതിനെതിരേ വ്യാപകപ്രതിഷേധമുയര്‍ന്നതോടെ വിധിയെ ദുര്‍ബലപ്പെടുത്തുംവിധം കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരികയായിരുന്നു. പുതിയ നിയമപ്രകാരം പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വ്യവസ്ഥയില്ല. എന്നാല്‍, അസാധാരണമായ സാഹചര്യത്തില്‍ കോടതിക്ക് എഫ്‌ഐആര്‍ റദ്ദാക്കാനാവും. വിവാദവിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനപ്പരിശോധനാ ഹരജിയില്‍ പഴയ വ്യവസ്ഥകള്‍ നിലനിര്‍ത്തുംവിധം സുപ്രിംകോടതി 2019 സപ്തംബര്‍ 30ന് വിധി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it