India

സുബിന്‍ ഗാര്‍ഗ് അമിതമായി മദ്യപിച്ചിരുന്നു; ലൈഫ് ജാക്കറ്റ് നിരസിച്ചു; സിംഗപ്പൂര്‍ പോലിസ് കോടതിയില്‍

സുബിന്‍ ഗാര്‍ഗ് അമിതമായി മദ്യപിച്ചിരുന്നു; ലൈഫ് ജാക്കറ്റ് നിരസിച്ചു; സിംഗപ്പൂര്‍ പോലിസ് കോടതിയില്‍
X

ഗുവാഹത്തി: പ്രശസ്ത അസമീസ് ഗായകന്‍ സുബിന്‍ ഗാര്‍ഗിന്റെ മരണം അമിതമായി മദ്യപിച്ച് നീന്തുന്നതിനിടെയുണ്ടായ മുങ്ങിമരണമാണെന്ന് സിംഗപ്പൂര്‍ പോലിസ് കോടതിയില്‍. ലൈഫ് ജാക്കറ്റ് ധരിക്കാതെ കടലില്‍ നീന്തിയതാണ് അപകടത്തിന് കാരണമായതെന്ന് സിംഗപ്പൂര്‍ പോലിസ് കോടതിയെ അറിയിച്ചതായി സിംഗപ്പൂര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സുബിന്‍ ഗാര്‍ഗിന്റെ മരണത്തെക്കുറിച്ചുള്ള സിംഗപ്പൂര്‍ കൊറോണര്‍ കോടതിയുടെ അന്വേഷണത്തില്‍ മൊഴി നല്‍കുന്ന 35 സാക്ഷികളില്‍ ആദ്യത്തെയാളായ പോലിസ് കോസ്റ്റ് ഗാര്‍ഡിലെ അസിസ്റ്റന്റ് പോലിസ് സൂപ്രണ്ട് ഡേവിഡ് ലിം ഇത് സാക്ഷ്യപ്പെടുത്തിയതായി ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അസം പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അസം പോലിസും സിംഗപ്പൂര്‍ പോലിസും കേസ് വ്യത്യസ്ത കോണുകളിലൂടെയാണ് അന്വേഷിക്കുന്നതെന്ന് ബുധനാഴ്ച സിംഗപ്പൂരില്‍ നടന്ന വാദം കേള്‍ക്കലില്‍ സന്നിഹിതനായ ഗാര്‍ഗിന്റെ അമ്മാവന്‍ മനോജ് ബോര്‍താക്കൂര്‍ പ്രതികരിച്ചു. സിംഗപ്പൂര്‍ പോലിസ് മരണകാരണമാണ് അന്വേഷിക്കുന്നതെന്നും, ക്രിമിനല്‍ കേസെന്ന രീതിയില്‍ സമീപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന്റെ പശ്ചാത്തലമാണ് അസം പോലിസ് പരിശോധിക്കുന്നുതെന്നും ആ ദിവസം എന്ത് സംഭവിച്ചെന്നാണ് സിംഗപ്പൂര്‍ പൊലീസ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുബിന്‍ ഗാര്‍ഗിന്റെ മരണം കൊലപാതകമെന്ന് നേരത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നിയമസഭയില്‍ പറഞ്ഞിരുന്നു.

നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി സിംഗപ്പൂരില്‍ എത്തിയ സുബീന്‍ ഗാര്‍ഗ് കഴിഞ്ഞ സെപ്തംബര്‍ 19നാണ് മരിച്ചത്. സ്‌കൂബ ഡൈവിങ്ങിനിടെ മരിച്ചതാണ് എന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍ എന്നാല്‍ ലാറസ് ദ്വീപില്‍ നീന്തുന്നതിനിടെ ഗായകന് അപസ്മാരം വന്നുവെന്ന് ഭാര്യ ഗരിമ സൈകിയ വെളിപ്പെടുത്തുകയും സ്‌കൂബ ഡൈവിങ് സംബന്ധിച്ച വാദങ്ങള്‍ തള്ളുകയും ചെയ്തു. പിന്നാലെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ അസം സര്‍ക്കാര്‍ രൂപീകരിച്ചു. അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ ബന്ധുവും അസം പൊലീസ് സര്‍വീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടുമായ സന്ദീപന്‍ ഗര്‍ഗ്, ഡ്രമ്മര്‍ ശേഖര്‍, മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മ എന്നിവരടക്കം അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു.





Next Story

RELATED STORIES

Share it