India

ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്റ് പദവി കിട്ടിയത് അമിത് ഷായുടെ ഇടപെടലില്‍; ലക്ഷ്യം ബംഗാള്‍

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(ബിസിസിഐ) തലപ്പത്തേക്ക് സൗരവ് ഗാംഗുലി എത്തിയത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലില്‍. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഗാംഗുലി ന്യൂഡല്‍ഹിയില്‍ തങ്ങിയിരുന്നു. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി തിരിച്ചെത്തിയ അമിത് ഷായുമായി പലതവണ ചര്‍ച്ച നടത്തിയാണ് മുംബൈയിലേക്കു പോയത്.

ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്റ് പദവി കിട്ടിയത് അമിത് ഷായുടെ ഇടപെടലില്‍; ലക്ഷ്യം ബംഗാള്‍
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(ബിസിസിഐ) തലപ്പത്തേക്ക് സൗരവ് ഗാംഗുലി എത്തിയത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലില്‍. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഗാംഗുലി ന്യൂഡല്‍ഹിയില്‍ തങ്ങിയിരുന്നു. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി തിരിച്ചെത്തിയ അമിത് ഷായുമായി പലതവണ ചര്‍ച്ച നടത്തിയാണ് മുംബൈയിലേക്കു പോയത്. ഗാംഗുലിയെ പാട്ടിലാക്കി ബംഗാളില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയാണ് അമിത് ഷായുടെ ലക്ഷ്യം.

ബിസിസിഐയില്‍ പിടിമുറുക്കാന്‍ ധനസഹമന്ത്രിയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ലോബിയും എന്‍ ശ്രീനിവാസന്‍ ലോബിയും ഒത്തുചേര്‍ന്ന് നടത്തിയ ശ്രമം പൊളിച്ചത് അമിത് ഷാ ആണ്. ബ്രിജേഷ് പട്ടേലിന്റെ കാര്യത്തില്‍ ഠാക്കൂറും ശ്രീനിവാസനും അന്തിമ ധാരണയിലെത്തിയിരുന്നു. 3 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബിസിസിഐയിലും പിന്നീട് ഐസിസിയിലും വീണ്ടും സ്വാധീനമുറപ്പിക്കാനായിരുന്നു ശ്രീനിവാസന്റെ പദ്ധതി.

ബംഗാളില്‍ മമത ബാനര്‍ജിയെ മാറ്റി അധികാരം പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ഗാംഗുലിയെ തുറപ്പു ചീട്ടാക്കാമെന്ന പ്രതീക്ഷയിലാണ് അമിത് ഷായുടെ നീക്കമെന്നാണ് അറിയുന്നത്. ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനമോ ഐസിസി പ്രതിനിധി സ്ഥാനമോ നല്‍കിയുള്ള ഒത്തുതീര്‍പ്പിനും ശ്രമമുണ്ടായി. തനിക്കു പ്രസിഡന്റ് പദവിയല്ലാതെ മറ്റൊരു സ്ഥാനവും വേണ്ടെന്ന് ഗാംഗുലി തീര്‍ത്തു പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ 2020 ജൂലൈയില്‍ ഗാംഗുലി സ്ഥാനമൊഴിയും. ആറു വര്‍ഷം തുടര്‍ച്ചയായി ഭരണ പദവിയിലിരുന്നാല്‍ 3 വര്‍ഷം ഒഴിഞ്ഞു നില്‍ക്കണമെന്നാണു ചട്ടം. കഴിഞ്ഞ 5 വര്‍ഷമായി ബംഗാള്‍ അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. ഈ ഒരു വര്‍ഷം ബിസിസിഐ പ്രസിഡന്റായാല്‍ ഭരണപദവിയില്‍ 6 വര്‍ഷമായി. ഒഴിഞ്ഞു നില്‍ക്കുന്ന സമയത്ത് ബംഗാള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഗാംഗുലിയെ ഉപയോഗിക്കാനാണ് ബിജെപി നീക്കമെന്നാണു സൂചന. ബംഗാളിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായാണ് ഗാംഗുലിയെ കണക്കാക്കുന്നത്. രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കിയില്ലെങ്കിലും നേരത്തേ കോണ്‍ഗ്രസിനോടും പിന്നീട് തൃണമൂലിനോടും മൃദുസമീപനമുള്ളയാളായാണ് ഗാംഗുലി അറിയപ്പെട്ടിരുന്നത്. ഗാംഗുലിയുടെ സ്ഥാനലബ്ധിയെ മമത ബാനര്‍ജി വാനോളം പുകഴ്ത്തിയിട്ടുമുണ്ട്.

ഗാംഗുലി സ്ഥാനമൊഴിഞ്ഞാല്‍ പകരം ഗുജറാത്ത് അസോസിയേഷന്റെ പ്രതിനിധിയും നിയുക്ത സെക്രട്ടറിയുമായ അമിത് ഷായുടെ മകന്‍ ജയ്ഷാ പ്രസിഡന്റാകുമെന്നാണ് സൂചനകള്‍. ഗുജറാത്ത് അസോസിയേഷന്‍ ബിസിസിഐ ജനറല്‍ ബോഡിയിലേക്ക് ജയ് ഷായെ നാമനിര്‍ദേശം ചെയ്തത് വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ്. അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമാല്‍ നിയുക്ത ട്രഷററാണ്. ചുരുക്കത്തില്‍ 3 വര്‍ഷം മുന്‍പ് ക്രിക്കറ്റ് ബോര്‍ഡ് നിയന്ത്രിച്ചവരൊക്കെത്തന്നെ ഇനിയും ബോര്‍ഡിനെ നിയന്ത്രിക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതിയുടെ തലപ്പത്തേക്ക് ഒരു മുന്‍ ക്യാപ്റ്റന്‍ പൂര്‍ണ ചുമതലയുമായി എത്തുന്നത് 62 വര്‍ഷത്തിനു ശേഷം. 1954 മുതല്‍ 57 വരെ പ്രസിഡന്റായിരുന്ന മഹാരാജ് കുമാര്‍ വിജയനഗരം (വിസ്സി) ആയിരുന്നു ഇതിനു മുന്‍പ് ബിസിസിഐയെ നയിച്ച മുന്‍ ക്യാപ്റ്റന്‍.

Next Story

RELATED STORIES

Share it