India

സോനം വാങ്ചുക്ക് സംസ്ഥാന സുരക്ഷയ്ക്ക് ഭീഷണി; തടങ്കല്‍ നിയമപരമെന്ന് ലേ മജിസ്ട്രേറ്റ് സുപ്രിം കോടതിയില്‍

സോനം വാങ്ചുക്ക്  സംസ്ഥാന സുരക്ഷയ്ക്ക് ഭീഷണി; തടങ്കല്‍ നിയമപരമെന്ന് ലേ മജിസ്ട്രേറ്റ് സുപ്രിം കോടതിയില്‍
X

ന്യൂഡല്‍ഹി: ലഡാക്കിലെ വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും കാലാവസ്ഥാ പ്രവര്‍ത്തകനുമായ സോനം വാങ്ചുക്കിനെതിരെ ലേ ജില്ലാ മജിസ്ട്രേറ്റ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും പൊതു ക്രമസമാധാന പരിപാലനത്തിനും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നതാണ് വാങ്ചുക്കിനെതിരെയുള്ള പരാതി. സോനം വാങ്ചുക്ക് സംസ്ഥാനത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്നതിന്റെ തെളിവുകള്‍ നിരത്തിയാണ് തടങ്കലില്‍ വയ്ക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചതെന്നും ലേ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. കേസിന്റെ വാദം ഇന്ന് നടക്കാനിരിക്കെ, വാങ്ചുക്കിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ മറ്റൊരു കോടതിയില്‍ തിരക്കിലായതിനാല്‍ വാദം ബുധനാഴ്ചത്തേക്ക് (ഒക്ടോബര്‍ 15) നീട്ടിവച്ചു.

1980-ലെ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍.എസ്.എ.) വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് അരവിന്ദ് കുമാര്‍, എന്‍. വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ലേ ജില്ലാ മജിസ്‌ട്രേറ്റ് സമര്‍പ്പിച്ച രേഖകള്‍ നിയമപ്രകാരം കൃത്യമായി പരിഗണിച്ച ശേഷമാണ് തടങ്കലില്‍ വയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സുപ്രിം കോടതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

2025 സെപ്തംബര്‍ 26-ന് വാങ്ചുക്കിനെ എന്‍.എസ്.എ പ്രകാരം തടങ്കലില്‍ വച്ചിരിക്കുന്നതും, രാജസ്ഥാനിലെ ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതും ലേയിലെ പോലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വഴി ഉടന്‍തന്നെ ഭാര്യയെ അറിയിച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു. ആയതിനാല്‍, ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള തടങ്കല്‍ ഉത്തരവ് തടങ്കലില്‍ വച്ചിരിക്കുന്നയാളെയോ ഹരജിക്കാരനെയോ അറിയിച്ചില്ല എന്ന വാദം പൂര്‍ണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന്, 1980-ലെ ദേശീയ സുരക്ഷാ നിയമത്തിലെ സെക്ഷന്‍ 8-ന്റെയും ഭരണഘടന ആര്‍ട്ടിക്കിള്‍ 22-ന്റെയും അടിസ്ഥാനത്തില്‍ തടങ്കലില്‍ വയ്ക്കാനുള്ള നടപടിക്രമം കര്‍ശനമായി പാലിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവ് പാസാക്കുന്നതിനുള്ള കാരണങ്ങള്‍ എന്‍.എസ്.എ-യുടെ സെക്ഷന്‍ 10 പ്രകാരം ലഡാക്ക് കേന്ദ്രഭരണ പ്രദേശ ഉപദേശക സമിതിക്ക് അയച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വാങ്ചുക്ക് ഏകാന്ത തടവിലല്ലെന്നും ആരോഗ്യവാനാണെന്നും ജോധ്പൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പ്രത്യേക സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിയെ അറിയിച്ചു. ജനറല്‍ വാര്‍ഡിലെ ഒരു സ്റ്റാന്‍ഡേര്‍ഡ് ബാരക്കിലാണ് തടവുകാരനെ പാര്‍പ്പിച്ചിട്ടുള്ളത്. തടവറയ്ക്ക് 20 അടി വലുപ്പമുണ്ട്. നിലവില്‍ ആ ജയില്‍ ബാരക്കിലെ ഏക താമസക്കാരനാണ് അദ്ദേഹം എന്നും പ്രത്യേക സത്യവാങ്മൂലത്തില്‍ പ്രതിപാദിച്ചു.





Next Story

RELATED STORIES

Share it