India

ഫഡ്‌നാവിസ്, രാജ് താക്കറെ, അതാവലെ എന്നിവരുടെ വിഐപി സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

രണ്ടുദിവസം മുമ്പ് നടന്ന സംസ്ഥാന സര്‍ക്കാരിന്റെ അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. മുന്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്കിന്റെ സുരക്ഷ വെട്ടിക്കുറച്ചപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാവ് സുധീര്‍ മുംഗാന്തിവറിന്റെ സുരക്ഷ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ഫഡ്‌നാവിസ്, രാജ് താക്കറെ, അതാവലെ എന്നിവരുടെ വിഐപി സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
X

മുംബൈ: മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി രാംദാസ് അതാവലെ, എംഎന്‍എസ് മേധാവി രാജ് താക്കറെ തുടങ്ങിയവര്‍ക്ക് നല്‍കിയിരുന്ന വിഐപി സുരക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാനെ എന്നിവരുടെ സുരക്ഷയും പിന്‍വലിച്ചിട്ടുണ്ട്. ഫഡ്‌നാവിസിന്റെ കുടുംബത്തിനുള്ള സുരക്ഷയും വെട്ടിക്കുറച്ചു. രാഷ്ട്രീയപകപോക്കലിന്റെ ഭാഗമാണ് ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ വെട്ടിക്കുറച്ചതിന് പിന്നിലെന്ന് ബിജെപി വൃത്തങ്ങള്‍ ആരോപിച്ചു.

കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ സഞ്ചരിച്ചയാളാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. അദ്ദേഹത്തിന് ഇപ്പോള്‍ സുരക്ഷ കുറച്ചിരിക്കുന്നു. അന്ന്, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വീട്ടിലിരിക്കുകയായിരുന്നുവെന്നും ബിജെപി വക്താവ് കേശവ് ഉപാധ്യായ കുറ്റപ്പെടുത്തി. രണ്ടുദിവസം മുമ്പ് നടന്ന സംസ്ഥാന സര്‍ക്കാരിന്റെ അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. മുന്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്കിന്റെ സുരക്ഷ വെട്ടിക്കുറച്ചപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാവ് സുധീര്‍ മുംഗാന്തിവറിന്റെ സുരക്ഷ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ, ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍, യുവസേന സെക്രട്ടറിയും മുഖ്യമന്ത്രി താക്കറെയുടെ ഭാര്യ രശ്മി താക്കറെയുടെ മരുമകനുമായ വരുണ്‍ ദേശായി എന്നിവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആകെ 16 പേരുടെ സുരക്ഷ പിന്‍വലിച്ചപ്പോള്‍ 13 പേര്‍ക്ക് പുതുതായി സുരക്ഷ ഏര്‍പ്പെടുത്തി. 11 പേരുടെ സുരക്ഷ വെട്ടിക്കുറയ്ക്കുകയും രണ്ടുപേരുടെ സുരക്ഷ ഉയര്‍ത്തുകയും ചെയ്തു. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന് Z+ കാറ്റഗറി സുരക്ഷയാണുണ്ടായിരുന്നത്.

ബുള്ളറ്റ് പ്രൂഫ് വാഹനം ഉള്‍പ്പെടെയുള്ളതാണിത്. ഇപ്പോഴിത് Y+ ലേക്ക് ചുരുക്കുകയാണ് ചെയ്തത്. അതിനാല്‍തന്നെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ പരിരക്ഷ ഉണ്ടായിരിക്കില്ല. ഫഡ്‌നാവിസിന്റെ ഭാര്യയുടെയും മകളുടെയും സുരക്ഷ Y+ ല്‍ നിന്ന് X ലേക്ക് തരംതാഴ്ത്തി. കൂടാതെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കെറെയുടെ സുരക്ഷ Y+ ആക്കി കുറച്ചു. വിഐപികള്‍ക്ക് നല്‍കിയിട്ടുള്ള സുരക്ഷ ഇടയ്ക്കിടെ അവലോകനം ചെയ്യാറുണ്ടെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

പ്രമുഖ വ്യക്തികള്‍ക്ക് നിലവില്‍ ആക്രമണഭീഷണിയുണ്ടോയെന്ന കാര്യം വിശകലനം ചെയ്താണ് നടപടിയെടുത്തത്. കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ് ഇത്. 2019ലാണ് അവസാന അവലോകനയോഗം നടന്നത്. കൊവിഡ് 19 കാരണം 2020 ല്‍ ഇത്തരത്തിലുള്ള യോഗങ്ങളൊന്നും നടന്നില്ല. ചില വിഐപികള്‍ക്ക് അവര്‍ ചുമതല വഹിക്കുന്ന സ്ഥാനങ്ങളുടെ പ്രത്യേകതമൂലം ഭീഷണി ഉണ്ടാവാറുണ്ട്. എന്നാല്‍, സ്ഥാനങ്ങള്‍ ഒഴിയുമ്പോള്‍ സ്വഭാവിമായും ഭീഷണിയും മാറുന്നു- സര്‍ക്കാര്‍ പ്രതിനിധി വ്യക്തമാക്കി.

Next Story

RELATED STORIES

Share it