India

സംഭല്‍ ശാഹീ ജമാ മസ്ജിദിലെ സര്‍വേ ശരിവച്ച് അലഹബാദ് ഹൈക്കോടതി; മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി

സംഭല്‍ ശാഹീ ജമാ മസ്ജിദിലെ സര്‍വേ ശരിവച്ച് അലഹബാദ് ഹൈക്കോടതി; മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി
X

അലഹബാദ്: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജമാ മസ്ജിദ് ക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയില്‍ സര്‍വേക്ക് ഉത്തരവിട്ട സിവില്‍ കോടതി വിധി അലഹബാദ് ഹൈക്കോടതി ശരിവച്ചു. സിവില്‍ കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി തള്ളിയാണ് സിംഗിള്‍ബെഞ്ച് വിധി.

വിചാരണ കോടതിയുടെ സര്‍വേ ഉത്തരവ് ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് ശരിവച്ചു. ഹിന്ദു വാദികളെ പ്രഥമദൃഷ്ട്യാ തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1526-ല്‍ അവിടെ ഉണ്ടായിരുന്ന ഒരു ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റിയാണ് സംഭല്‍ പള്ളി നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട മഹന്ത് ഋഷിരാജ് ഗിരി ഉള്‍പ്പെടെ എട്ട് വാദികള്‍ സമര്‍പ്പിച്ച കേസിലാണ് വിചാരണ കോടതിയുടെ ഉത്തരവ്.കേസില്‍ നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപോര്‍ട്ട് നല്‍കിയിരുന്നു. മസ്ജിദ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകമാണെന്നും മതപരമോ ആരാധനാ പരമോ ആയ സ്ഥലമല്ലെന്നുമാണ് അവരുടെ റിപോര്‍ട്ട്. ഇതില്‍ മസ്ജിദ് കമ്മിറ്റി മറുപടിയും ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് മേയ് 13നാണ് കേസ് വിധി പറയാന്‍ മാറ്റിയത്.

സംഭല്‍ മസ്ജിദ്, ഹരിഹര ക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയിലാണ് 2024 നവംബര്‍ 19ന് സിവില്‍ കോടതി സര്‍വേക്ക് ഉത്തരവിട്ടത്. അഡ്വക്കറ്റ് കമ്മീഷണര്‍ സര്‍വേ നടത്തണമെന്നായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്നുതന്നെ അഡ്വക്കറ്റ് കമ്മീഷണര്‍ സര്‍വേ നടത്തി. ഇതിന് പിന്നാലെ നവംബര്‍ 24നും സര്‍വേക്കെത്തി. ജയ് ശ്രീറാം വിളിച്ചാണ് സര്‍വേ സംഘം എത്തിയത്. ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടാവുകയും ആറ് മുസ്ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊല്ലുകയും ചെയ്തു. പിന്നീട് കേസ് പരിഗണിച്ച സുപ്രിംകോടതി ആരാധനാലയ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട രാജ്യത്തെ എല്ലാ കേസുകളിലെയും നടപടികള്‍ മരവിപ്പിച്ചു.

സംഭല്‍ സംഘര്‍ഷത്തില്‍ ഇതുവരെ 85 മുസ്ലിംകളെയാണ് പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത്. മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.സഫര്‍ അലിയും ജയിലിലാണ്. മാര്‍ച്ച് 23ന് ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ഹാജരായി മൊഴി നല്‍കുന്നതിന് തൊട്ടുമുന്നാണ് അദ്ദേഹത്തെ ജയിലില്‍ അടച്ചത്. കേസില്‍ സ്ഥലം എംപി സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖിനെയും പോലിസ് ചോദ്യം ചെയ്തു. മസ്ജിദിന് മുന്നില്‍ ഇപ്പോള്‍ അത്യാധുനിക സൗകര്യങ്ങളുള്ള പോലിസ് ഔട്ട്പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. സിസിടിവികളിലൂടെ മസ്ജിദിനെ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it