India

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകതന്നെ ചെയ്യും; തടസ്സം കോണ്‍ഗ്രസെന്ന് അമിത് ഷാ

അയോധ്യയില്‍ എവിടെയാണോ ക്ഷേത്രമുണ്ടായിരുന്നത് അവിടെത്തന്നെയാവും പുതിയ ക്ഷേത്രവും.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകതന്നെ ചെയ്യും; തടസ്സം കോണ്‍ഗ്രസെന്ന് അമിത് ഷാ
X

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. എന്‍ഡിഎ സര്‍ക്കാര്‍തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും. അയോധ്യയില്‍ എവിടെയാണോ ക്ഷേത്രമുണ്ടായിരുന്നത് അവിടെത്തന്നെയാവും പുതിയ ക്ഷേത്രവും. ക്ഷേത്രനിര്‍മാണം ബിജെപിയുടെ കടമയാണ്. ക്ഷേത്രനിര്‍മാണപ്രക്രിയയ്ക്കു പലവിധ തടസ്സങ്ങളുണ്ടാക്കുന്നതു കോണ്‍ഗ്രസാണ്. കോടതിയില്‍ കേസ് നടത്തി രാമക്ഷേത്രനിര്‍മാണം നീട്ടിക്കൊണ്ടുപോവുന്നത് കോണ്‍ഗ്രസാണ്. കേസ് വേഗത്തില്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കുന്നില്ല. സുപ്രിംകോടതിയിലുള്ള കേസില്‍ സാധ്യമായ പ്രശ്‌നപരിഹാരത്തിനു പാര്‍ട്ടി ശ്രമിക്കുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

ഡല്‍ഹി രാംലീല മൈതാനത്തു പാര്‍ട്ടി നിര്‍വാഹകസമിതി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ അധികാരത്തുടര്‍ച്ച ഉറപ്പാണ്. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ് രണ്ടു വ്യത്യസ്ത ആശയധാരകള്‍ തമ്മിലാണ്. മോദിയും മുഖമില്ലാത്ത മുന്നണിയും തമ്മിലാണു മല്‍സരം. പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലൊരു ജനകീയ നേതാവ് ലോകത്തെവിടെയുമില്ല. മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള മോദിയുടെ തീരുമാനം ചരിത്രപരമാണ്. മുത്തലാഖ് മുതല്‍ ഹജ് സബ്‌സിഡി വരെ, ജിഎസ്ടി മുതല്‍ നോട്ടുനിരോധനം വരെ, രാജ്യത്ത് അടിമുടി മാറ്റമാണു ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയത്. രാജ്യസുരക്ഷയെപ്പറ്റി ആശങ്കയില്ലാത്തതിനാലാണു രാഹുലും കൂട്ടരും പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നത്. അവര്‍ക്കു വോട്ട് മാത്രമേ വേണ്ടൂ. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെതിരെ റഫാല്‍ ഇടപാടില്‍ ഒരു തെളിവുമില്ലാതെയാണ് പ്രതിപക്ഷം ആരോപണമുന്നയിച്ചതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it