Top

അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് നിയമനടപടിക്ക്

റിപ്പബ്ലിക് ടിവി ഉള്‍പ്പടെ ചില ഇലക്ട്രോണിക്, ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും സംഘടനയ്‌ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അവര്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് എം മുഹമ്മദലി ജിന്ന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് നിയമനടപടിക്ക്
X

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, എന്‍പിആര്‍ എന്നിവയ്‌ക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍വഴി പോപുലര്‍ ഫ്രണ്ടിനെതിരേ നഗ്നമായ നുണകള്‍ പ്രചരിപ്പിക്കുകയാണ്. ഇതുവഴി സര്‍ക്കാരിന്റെ അജണ്ടയെ സഹായിക്കുകയെന്ന ലക്ഷ്യമാണ് ഇത്തരം പാവമാധ്യമങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

റിപ്പബ്ലിക് ടിവി ഉള്‍പ്പടെ ചില ഇലക്ട്രോണിക്, ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും സംഘടനയ്‌ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അവര്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് എം മുഹമ്മദലി ജിന്ന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സമീപകാലത്ത് സംഘടനയെ അവഹേളിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച റിപ്പബ്ലിക് ടിവിക്കെതിരേ നേരത്തെ നോട്ടീസ് അയച്ചിരുന്നു. പോപുലര്‍ ഫ്രണ്ടിന്റെ പരാതിയില്‍ 2018ല്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി (എന്‍ബിഎസ്എ) റിപ്പബ്ലിക് ടിവിക്ക് താക്കീതും നല്‍കി.

എന്നാല്‍, സ്വയം തിരുത്തലിന് തയ്യാറല്ലെന്ന് ചാനല്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്. അച്ചടിമാധ്യമങ്ങളായ ഡെക്കാന്‍ ക്രോണിക്കിള്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, ഡെയ്‌നിക് ജാഗരണ്‍ തുടങ്ങിയ അച്ചടിമാധ്യമങ്ങള്‍ക്കെതിരേ 2012ല്‍ 10 പരാതികളാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ക്ക് താക്കീത് നല്‍കിയ പ്രസ് കൗണ്‍സില്‍, വ്യക്തമായ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം സംബന്ധിച്ച് ഏതെങ്കിലും സംഘടനയുടെ പേര് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ശരിയായ അന്വേഷണം നടത്താതെ അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നുമായിരുന്നു അവരുടെ നിര്‍ദേശം. എന്നാല്‍, സംഘടനയ്‌ക്കെതിരേ ഇപ്പോള്‍ വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ അതൊന്നും പാലിക്കപ്പെട്ടിട്ടില്ല.

ഗുരുതരമായ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ ഭാവിയില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാവണം. സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനും രാജ്യത്തിന്റെ മതേതരഘടന നിലനിര്‍ത്തുന്നതിനും ഇത്തരം നിര്‍ദേശങ്ങള്‍ അനിവാര്യമാണെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് മുഹമ്മദലി ജിന്ന ചൂണ്ടിക്കാട്ടി. ഇതിനുപുറമെ പത്രപ്രവര്‍ത്തനത്തിന് വ്യക്തമായ പെരുമാറ്റച്ചട്ടവും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ജനങ്ങളെ സേവിക്കുകയെന്നതാണ് പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം. പൊതുതാല്‍പര്യമുള്ള വിഷയങ്ങളിലെ വാര്‍ത്തകളും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വിവരങ്ങളും ന്യായവും കൃത്യവും പക്ഷപാതമില്ലാത്തതുമായിരിക്കണം. കൃത്യതയില്ലാത്തതും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതും വികലവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണം.

ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും റിപോര്‍ട്ട് ചെയ്യണം. നീതീകരിക്കപ്പെടാത്ത കിംവദന്തികളും അനുമാനങ്ങളും വസ്തുതകളായി അവതരിപ്പിക്കരുത്. പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ തിരുത്തലുകളോ പ്രതികരണങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അതും പ്രസിദ്ധീകരിക്കാന്‍ തയ്യാറാവണം. എന്നാല്‍, സംഘടനയ്‌ക്കെതിരേ അടുത്തിടെ പ്രസിദ്ധീകരിച്ച റിപോര്‍ട്ടുകളില്‍ മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങളെല്ലാം നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുന്നു. അവ തുറന്നുകാട്ടുകയും കുറ്റക്കാരെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരികയുമാണ് ഇനിയുള്ള ഏകമാര്‍ഗമെന്നും മുഹമ്മദലി ജിന്ന വ്യക്തമാക്കി.

Next Story

RELATED STORIES

Share it