India

കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന് പിന്നില്‍ ബജ്‌റംഗ്ദള്‍ നേതാവ്

കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന് പിന്നില്‍ ബജ്‌റംഗ്ദള്‍ നേതാവ്
X

ചിത്രകൂട്: മധ്യപ്രദേശിലെ ചിത്രകൂടില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്റെ മുഖ്യസൂത്രധാരന്‍ പ്രാദേശിക ബജ്‌റംഗ്ദള്‍ നേതാവ്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് ആറ് പേരെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 12ന് സ്‌കൂള്‍ ബസ്സില്‍ നിന്നാണ് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയത്. ഇവരെ ഫെബ്രുവരി 24ന് യുപിയിലെ ബാന്ദയിലുള്ള പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബജ്‌റംഗ്ദള്‍ ഏരിയ കോഓഡിനേറ്റര്‍ വിഷ്ണുകാന്ത് ശുക്ലയാണ് സംഭവത്തിലെ മുഖ്യസൂത്രധാരന്‍ എന്ന് റേവ ഐജി ചഞ്ചല്‍ ശേഖര്‍ പറഞ്ഞു. ശുക്ല നേരിട്ട് സംഭവത്തില്‍ പങ്കെടുത്തിട്ടില്ല. ശുക്ലയുടെ സഹോദരന്‍ പദാം ശുക്ലയാണ് പ്രധാന പ്രതി.

ബൊലേറോ ജീപ്പും ബൈക്കുകളുമാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്ന് പോലിസ് പറഞ്ഞു. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ രാമ രാജ്യം എന്നെഴുതിയിരുന്നു. ജീപ്പില്‍ ബിജെപിയുടെ പതിച്ചിട്ടുണ്ടായിരുന്നു.

ചിത്രകൂഡിലെ നയാഗാവിന് സമീപം വച്ച് സ്‌കൂള്‍ ബസ്സിന് നേരെ തോക്കു ചൂണ്ടിയാണ് ഒരു വ്യാപാരിയുടെ മക്കളായ ശ്രേയാന്‍ശ്, പ്രിയാന്‍ശ് റാവത്ത് എന്നീ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയത്. യുകെജി വിദ്യാര്‍ഥികളായിരുന്നു ഇരുവരം. തട്ടിക്കൊണ്ടു പോയവര്‍ക്ക്, കുട്ടികളെ മോചിപ്പിക്കുന്നതിന് കുടുംബം 20 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍, ഒരു കോടി നല്‍കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് ഫെബ്രുവരി 21ന് കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. യുപിയുടെയും മധ്യപ്രദേശിന്റെയും അതിര്‍ത്തിയിലുള്ള പ്രദേശമാണ് ചിത്രകൂട്. കുടുംബം താമസിക്കുന്നത് യുപി അതിര്‍ത്തിക്കകത്താണെങ്കിലും സ്‌കൂള്‍ മധ്യപ്രദേശിലാണ്.

ഞായറാഴ്ച്ച കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

Next Story

RELATED STORIES

Share it