India

ഹാഥ്‌റസില്‍ വീണ്ടും ക്രൂരത; ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ചുകൊന്നു

യുവതിയുടെ പിതാവ് പോലിസില്‍ നല്‍കിയ പീഡനക്കേസ് പരാതിയിന്‍മേലായിരുന്നു അറസ്റ്റ്. ഒരുമാസത്തിനുശേഷം പ്രാദേശിക കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് പ്രതി ജയിലില്‍നിന്ന് പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍, അതിനുശേഷം പീഡനത്തിനിരയായ യുവതിയുടെയും പ്രതിയുടെയും കുടുംബങ്ങള്‍ തമ്മില്‍ ശത്രുതയിലായി.

ഹാഥ്‌റസില്‍ വീണ്ടും ക്രൂരത; ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ചുകൊന്നു
X

ലഖ്‌നോ: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശില്‍നിന്ന് വീണ്ടുമൊരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നു. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതി ഇരയായ യുവതിയുടെ പിതാവിനെ വെടിവച്ചുകൊന്നു. ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊല്ലുകയും മൃതദേഹം രഹസ്യമായി സംസ്‌കരിക്കുകയും ചെയ്ത ഉത്തര്‍പ്രദേശ് ഹാഥ്‌റസ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഈ സംഭവവുമുണ്ടായിരിക്കുന്നത്. ഗ്രാമത്തിലെ ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2018 ജുലൈയിലാണ് ഗൗരവ് ശര്‍മ ജയിലിലാവുന്നത്.

യുവതിയുടെ പിതാവ് പോലിസില്‍ നല്‍കിയ പീഡനക്കേസ് പരാതിയിന്‍മേലായിരുന്നു അറസ്റ്റ്. ഒരുമാസത്തിനുശേഷം പ്രാദേശിക കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് പ്രതി ജയിലില്‍നിന്ന് പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍, അതിനുശേഷം പീഡനത്തിനിരയായ യുവതിയുടെയും പ്രതിയുടെയും കുടുംബങ്ങള്‍ തമ്മില്‍ ശത്രുതയിലായി. തിങ്കളാഴ്ച പ്രതിയുടെ ഭാര്യയും അമ്മായിയും ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കായി പോയി. അപ്പോള്‍ അവിടെ കൊല്ലപ്പെട്ടയാളുടെ രണ്ട് പെണ്‍മക്കളുമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി.

പ്രതി ഗൗരവ് ശര്‍മയും ഇരയുടെ അച്ഛനും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഇവര്‍ തമ്മിലായി വാഗ്വാദം. അതിനിടയില്‍ ഗൗരവ് ശര്‍മ കൂട്ടുകാരെ വിളിച്ചുവരുത്തുകയും ഇരയുടെ പിതാവിനെതിരേ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ഹാഥ്‌റസ് പോലിസ് മേധാവി വിനീത് ജയ്‌സ്വാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ വിശദീകരിച്ചു. സംഭവത്തില്‍ ഗൗരവ് ശര്‍മയുടെ കുടുംബാംഗമായ ഒരാളെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. പീഡനത്തിനിരയായ യുവതി പോലിസ് സ്‌റ്റേഷന് പുറത്തിരുന്ന് കരയുന്നതിന്റെയും നീതി വേണമെന്ന് ആവശ്യപ്പെടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പ്രദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

'ദയവായി എനിക്ക് നീതി തരൂ ... ദയവായി എനിക്ക് നീതി നല്‍കൂ. ആദ്യം അയാള്‍ എന്നെ ഉപദ്രവിച്ചു, ഇപ്പോള്‍ അയാള്‍ എന്റെ പിതാവിനെ വെടിവച്ചുകൊന്നു. അയാള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വന്നിരുന്നു. ആറ്, ഏഴ് പേര്‍ ഉണ്ടായിരുന്നു. എന്റെ പിതാവിന് ആരോടും ശത്രുതയില്ലായിരുന്നു- യുവതി കണ്ണീരോടെ വിളിച്ചുപറഞ്ഞു. കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് 20 കാരിയായ ദലിത് യുവതിയെ ഹാഥ്‌റസില്‍ സവര്‍ണ വിഭാഗത്തില്‍പ്പെട്ട നാലുപേര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത് രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു.

Next Story

RELATED STORIES

Share it