India

ഗൗരി ലങ്കേഷ് വധം: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍ -പിടിയിലായത് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍

തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെയും ഹിന്ദു ജനജാഗ്രതി സമിതിയുടെയും സജീവ പ്രവര്‍ത്തകനാണ് റുഷികേശ്. ഈ കാലയളവില്‍ ഹിന്ദു ജനജാഗ്രതി സമിതിയുടെ(എച്ച്‌ജെഎസ്) വെബ്‌സൈറ്റില്‍ നിരവധി ലേഖനങ്ങളും റുഷികേശ് എഴുതിയിട്ടുണ്ട്.

ഗൗരി ലങ്കേഷ് വധം: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍  -പിടിയിലായത് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍
X

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍. മുരളി എന്നറിയപ്പെടുന്ന 44 ക്കാരനായ റുഷികേശ് ദേവദികറാണ് അറസ്റ്റിലായത്. റുഷികേശ് മാസങ്ങളായി ഒളിവിലായിരുന്നു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ കത്രാസിലെ ഒളിത്താവളത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലങ്കേഷിനെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയവരില്‍ പ്രമുഖനാണ് റുഷികേശെന്ന് പോലിസ് പറയുന്നു. കൊലയാളികള്‍ക്ക് പരിശീലനവും തോക്കുകളും അടക്കം നല്‍കിയത് റുഷികേശായിരുന്നു.

തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെയും ഹിന്ദു ജനജാഗ്രതി സമിതിയുടെയും സജീവ പ്രവര്‍ത്തകനാണ് ഇയാള്‍. ഈ കാലയളവില്‍ ഹിന്ദു ജനജാഗ്രതി സമിതിയുടെ(എച്ച്‌ജെഎസ്) വെബ്‌സൈറ്റില്‍ നിരവധി ലേഖനങ്ങളും റുഷികേശ് എഴുതിയിട്ടുണ്ട്. സനാതന്‍ സന്‍സ്തയുടെയും എച്ച്‌ജെഎസിന്റെയും യോഗങ്ങളിലും ഇയാളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ഹിന്ദു വിരുദ്ധരാണെന്ന് കരുതുന്ന വ്യക്തികളെ വധിക്കാന്‍ 2011ല്‍ മുന്‍ ഹിന്ദു ജനജാഗ്രതി സമിതി പ്രവര്‍ത്തകനായ വീരേന്ദ്ര തവാഡെ സ്ഥാപിച്ച സംഘടനയിലെ പ്രധാനികൂടിയാണ് റുഷികേശെന്നാണ് കര്‍ണാടക എസ്‌ഐടിയുടെ കണ്ടെത്തല്‍. 2013 ല്‍ മഹാരാഷ്ട്രയിലെ നരേന്ദ്ര ദാബോല്‍ക്കര്‍, ഇടതുപക്ഷ ചിന്തകനായ ഗോവിന്ദ് പന്‍സാരെ, 2015 ല്‍ കന്നഡ സാഹിത്യകാരനും ഹിന്ദുത്വ വിമര്‍ശകനുമായ എം എം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങളും സംഘം നടത്തിയതായും ആരോപണമുണ്ട്.

2017 സെപ്തംബര്‍ 25നാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് ബെംഗലൂരുവിലെ വീടിന് മുന്നില്‍വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ 18 പേരെയാണ് അന്വേഷണ സംഘം ഇതുവരെ പ്രതിചേര്‍ത്തിട്ടുള്ളത്. ഇതുവരെ 12 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരിലേറെയും.

ധന്‍ബാദ് ജില്ലയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംശയങ്ങളെത്തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. പ്രതിയെ നാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it