India

കോഴിക്കോട് ഇരട്ട സ്‌ഫോടനം: ഒരാള്‍ ഡല്‍ഹിയില്‍ പിടിയില്‍

തലശ്ശേരി ചെറുപറമ്പ് പുരക്കള്ളിയില്‍ ഹൗസില്‍ മുഹമ്മദ് അസ്ഹറി(33)നെയാണ് പിടികൂടിയത്

കോഴിക്കോട് ഇരട്ട സ്‌ഫോടനം: ഒരാള്‍ ഡല്‍ഹിയില്‍ പിടിയില്‍
X

ന്യൂഡല്‍ഹി: 2006ല്‍ കോഴിക്കോട് ബസ് സ്റ്റാന്റിലുണ്ടായ ഇരട്ട സ്‌ഫോടനക്കേസിലെ പ്രതിയായ തലശ്ശേരി സ്വദേശിയെ എന്‍ഐഎ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. തലശ്ശേരി ചെറുപറമ്പ് പുരക്കള്ളിയില്‍ ഹൗസില്‍ മുഹമ്മദ് അസ്ഹറി(33)നെയാണ് പിടികൂടിയത്. ഇയാള്‍ സൗദി അറേബ്യയില്‍ നിന്നുവരുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് പിടിയിലായത്. അസ്ഹറിനെ ഇന്നുതന്നെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കി. തുടര്‍നടപടികളുടെ ഭാഗമായി കൊച്ചിയിലേക്കു കൊണ്ടുവന്ന ശേഷം അസ്ഹറിനെ എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് നഗരത്തില്‍ സ്‌ഫോടനമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തും മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡിലും ഉച്ചയോടെ 15 മിനിറ്റ് വ്യത്യാസത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റിരുന്നു.

ആദ്യം സംസ്ഥാന പോലിസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. കേസില്‍ തടയിന്റവിട നസീറിനെ ഒന്നാംപ്രതിയാക്കി അസ്ഹര്‍ അടക്കം എട്ടുപേര്‍ക്കെതിരേ 2010ല്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. യുഎപിഎ, സ്‌ഫോടന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. തടിയന്റവിട നസീര്‍ നടത്തിയ ഗൂഢാലോചനയില്‍ നിലവില്‍ ഒളിവില്‍കഴിയുന്ന പരപ്പനങ്ങാടി യൂസുഫിനൊപ്പം പങ്കാളിയായി എന്നതാണ് അസ്ഹറിനെതിരായ കുറ്റം. മാറാട് കലാപത്തിലെ പ്രതികള്‍ക്കു ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് എന്‍ഐഎ വാദം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 2007ല്‍ സൗദിയിലേക്കു കടന്ന അസ്ഹര്‍ ഇതുവരെയും അവിടെ കഴിയുകയായിരുന്നു. 2011ല്‍ വിചാരണക്കോടതി നാലുപ്രതികള്‍ക്കു ജീവപര്യന്തം തടവും വിധിച്ചിരുന്നു.



Next Story

RELATED STORIES

Share it