India

നവ്‌ജ്യോത് സിങ് സിദ്ദു 'ദ കപില്‍ശര്‍മ ഷോ'യില്‍ നിന്ന് പുറത്ത്

ഒരുകൂട്ടം ആളുകളുടെ പ്രവൃത്തിയുടെ പേരില്‍ ഒരു രാഷ്ട്രത്തെ കുറ്റപ്പെടുത്തരുതെന്നും കശ്മീര്‍ പ്രശ്‌നത്തിനു ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും സിദ്ദു പറഞ്ഞിരുന്നു

നവ്‌ജ്യോത് സിങ് സിദ്ദു ദ കപില്‍ശര്‍മ ഷോയില്‍ നിന്ന് പുറത്ത്
X

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്നതിനു പിന്നാലെ പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിങ് സിദ്ദുവിനെ സുപ്രസിദ്ധ ചാനല്‍ ഷോയില്‍ നിന്നു പുറത്താക്കി. സോണി ടിവിയിലെ ദ കപില്‍ശര്‍മ എന്ന കോമഡി ഷോയില്‍നിന്നാണ് സിദ്ദുവിനെ നീക്കിയത്. കഴിഞ്ഞ ദിവസം പുല്‍വാമ ആക്രമണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ ഒരുകൂട്ടം ആളുകളുടെ പ്രവൃത്തിയുടെ പേരില്‍ ഒരു രാഷ്ട്രത്തെ കുറ്റപ്പെടുത്തരുതെന്നും കശ്മീര്‍ പ്രശ്‌നത്തിനു ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും സിദ്ദു പറഞ്ഞിരുന്നു. ഇതോടെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സിദ്ദുവിനെതിരേ രംഗത്തെത്തിയത്. സിദ്ദുവിനെ ഷോയില്‍ നിന്നു പുറത്താക്കണമെന്നും അല്ലെങ്കില്‍ ചാനല്‍ സബ്‌സ്‌ക്രിപ്ഷനില്‍ നിന്ന് ഒഴിവാകുമെന്നും നിരവധി പേര്‍ പറഞ്ഞു. ഇതോടെയാണ് സിദ്ദുവിനെ നീക്കിയതെന്നാണു സൂചന. സിദ്ദു എപ്പോഴും പാകിസ്താന്‍ അനുകൂലമായാണ് പ്രസ്താവന നടത്തുന്നതെന്ന് ആരോപിച്ച ചിലര്‍, ഈയിടെ മുന്‍ ലോക ക്രിക്കറ്റ് താരവും പാകിസ്താന്‍ പ്രധാനമന്ത്രിയുമായ ഇംറാന്‍ഖാന്റെ ക്ഷണമനുസരിച്ച് പാകിസ്താനിലെ ഒരു പരിപാടിയില്‍ ഔദ്യോഗികാനുമതിയില്ലാതെ പങ്കെടുത്തതിന്റെ ഫോട്ടോയും പ്രചരിപ്പിച്ചിരുന്നു. അതിനിടെ, പഞ്ചാബ് നിയമസഭ പുല്‍വാമ ആക്രമണത്തില്‍ ശക്തമായി അപലപിച്ചു.




Next Story

RELATED STORIES

Share it