India

ദേശീയപാതാ വികസനം: തടസങ്ങളെല്ലാം നീങ്ങിയെന്ന് മുഖ്യമന്ത്രി

കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണു പ്രശ്‌നപരിഹാരം. 45 മീറ്ററില്‍ ദേശീയപാത വികസിപ്പിക്കാനുള്ള നടപടി ഉടന്‍ തുടങ്ങുമെന്നു കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി അറിയിച്ചു.

ദേശീയപാതാ വികസനം: തടസങ്ങളെല്ലാം നീങ്ങിയെന്ന് മുഖ്യമന്ത്രി
X

ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്നു കേന്ദ്രസര്‍ക്കാരുമായി ധാരണയുണ്ടാക്കിയതോടെ കേരളത്തിലെ ദേശീയപാതാ വികസനത്തിനുള്ള തടസ്സം നീങ്ങി. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണു പ്രശ്‌നപരിഹാരം. 45 മീറ്ററില്‍ ദേശീയപാത വികസിപ്പിക്കാനുള്ള നടപടി ഉടന്‍ തുടങ്ങുമെന്നു കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ദേശീയപാതാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി നടപടികള്‍ക്ക് അന്തിമരൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ദേശീയപാതയ്ക്ക് ഭൂമിയേറ്റെടുക്കാനുള്ള വലിയ ചെലവ് കേരളത്തില്‍ പ്രധാന തടസ്സമായി ഉന്നയിക്കപ്പെട്ടിരുന്നു. പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്നായിരുന്നു നേരത്തെയുള്ള കേന്ദ്രനിര്‍ദേശം. കഴിഞ്ഞ മാസത്തെ ചര്‍ച്ചയില്‍ 25 ശതമാനമെന്ന നിര്‍ദേശവുമുണ്ടായി. അത് വഹിക്കാന്‍ കേരളം തയ്യാറായതോടെയാണു തടസ്സങ്ങള്‍ നീങ്ങിയത്. ഏറ്റെടുക്കല്‍ ഉള്‍പ്പെടെ തയ്യാറായ സ്ഥലങ്ങളില്‍ ആദ്യഘട്ടത്തില്‍ ദേശീയപാതാ വികസനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് ബൈപ്പാസിന്റെ നിര്‍മാണം ഉടന്‍ തുടങ്ങാമെന്നും ഗഡ്കരി മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. വടക്കാഞ്ചേരി- തൃശ്ശൂര്‍ ദേശീയപാതയിലെ കുതിരാന്‍ തുരങ്കനിര്‍മാണം സ്തംഭിച്ചതും ചര്‍ച്ചയായി. കരാറുകാരന്‍ പണി ഉപേക്ഷിച്ചതാണു കാരണം. ഇക്കാര്യത്തില്‍ ബദല്‍ നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

തുരങ്കനിര്‍മാണത്തില്‍ സംസ്ഥാന വനംവകുപ്പിന്റെ തടസ്സം നീക്കാന്‍ ഉടന്‍ നടപടിയെടുക്കും. കാസര്‍കോട്- ചെങ്കള വരെയുള്ള പാതയുടെ നിര്‍മാണവും ഉടന്‍ തുടങ്ങാവുന്ന സ്ഥിതിയാണ്. കേന്ദ്ര ഷിപ്പിങ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായുള്ള കൂടിക്കാഴ്ചയില്‍ ദേശീയ ജലപാത കോവളം മുതല്‍ ബേക്കല്‍ വരെ വേണമെന്ന് ആവശ്യപ്പെട്ടു. കൊച്ചിയിലെ കായലുകളുടെ ശുചീകരണത്തിനും വാട്ടര്‍ മെട്രോ പദ്ധതിക്കും സഹായം തേടി. ദുരന്തനിവാരണ ഫണ്ട് വിനിയോഗ മാനദണ്ഡങ്ങളില്‍ ഇളവുനല്‍കണം, മാവോവാദികളെ നേരിടാനുള്ള പ്രത്യേക പൊലീസ് സംവിധാനം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലേക്ക് വ്യാപിപ്പിക്കണം, പൊലീസിന്റെ ആധുനികവല്‍ക്കരണത്തിന് കേന്ദ്രസഹായം എന്നിവ ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.

Next Story

RELATED STORIES

Share it