India

എവിടെയാണ് എന്റെ മകന്‍; മൂന്ന് വര്‍ഷമായിട്ടും ഫാത്തിമ നഫീസിന്റെ ചോദ്യത്തിന് ഉത്തരമില്ല

മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നജീബിനെ മറന്നു. പക്ഷെ, ഉമ്മ ഫാത്തിമ നഫീസ് ആ ചോദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു. 'എവിടെയാണ് എന്റെ മകന്‍ നജീബ്?'

എവിടെയാണ് എന്റെ മകന്‍; മൂന്ന് വര്‍ഷമായിട്ടും ഫാത്തിമ നഫീസിന്റെ ചോദ്യത്തിന് ഉത്തരമില്ല
X

ന്യൂഡല്‍ഹി: 2016 ഒക്ടബോര്‍ 15നാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഗവേഷക വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായത്. മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നജീബിനെ മറന്നു. പക്ഷെ, ഉമ്മ ഫാത്തിമ നഫീസ് ആ ചോദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു. 'എവിടെയാണ് എന്റെ മകന്‍ നജീബ്?' മകനെ ഐഎസ് പ്രവര്‍ത്തകകന്‍ ആക്കാന്‍ വരെ ചിലര്‍ ശ്രമം നടത്തിയെങ്കിലും മകനെ നന്നായറിയുന്ന ആ ഉമ്മ പിന്മാറിയില്ല.

മൂന്നാം വര്‍ഷം തികഞ്ഞ ഒക്ടോബര്‍ 15ന് ഡല്‍ഹിയില്‍ ജന്തര്‍മന്ദിറില്‍ നജീബിനെ കണ്ടെത്താനാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ അവരും എത്തി. യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്, ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് ഷെഹ്‌ല റാഷിദ്, ബിഎസ്പി എംപി ഡാനിഷ് അലി, സുപ്രിം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ഡല്‍ഹി സര്‍വകലാശാലയിലെ പ്രഫസര്‍മാര്‍ അപൂര്‍വാനന്ദ്, നന്ദിത നരൈന്‍ എന്നിങ്ങനെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധത്തിനെത്തി. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്, ഹിന്ദുത്വര്‍ തല്ലിക്കൊന്ന തബ്രേസ് അന്‍സാരിയുടെ ഭാര്യ ഷാഹിസ്ത പര്‍വീണ്‍ തുടങ്ങിയവരും ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു.


തബ്രേസ് അന്‍സാരിയുടെ ഭാര്യ ഷാഹിസ്താ പര്‍വീണ്‍, ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് എന്നിവര്‍ നജീബിന്റെ മാതാവിനൊപ്പം ഡല്‍ഹിയിലെ സമരവേദിയില്‍തബ്രേസ് അന്‍സാരിയുടെ ഭാര്യ ഷാഹിസ്താ പര്‍വീണ്‍, ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് എന്നിവര്‍ നജീബിന്റെ മാതാവിനൊപ്പം ഡല്‍ഹിയിലെ സമരവേദിയില്‍

2014ന് ശേഷം സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. 'രാജ്യം എവിടേക്കാണ് പോകുന്നത്? ഇത് ഞങ്ങളുടെ ഇന്ത്യയല്ല. ഈ സാഹചര്യം മാറണം. ഇനിയും ഇങ്ങനെ ഇരകളാക്കപ്പെട്ട കുടുംബങ്ങള്‍ ഉണ്ടാകരുത്.' നജീബിന്റെ ഉമ്മ നഫീസ് പറഞ്ഞു. തന്നെ പിന്തുണച്ച വിദ്യാര്‍ഥികള്‍ക്ക് നഫീസ് നന്ദി പറഞ്ഞു. ഡല്‍ഹയില്‍ നിന്നു മാത്രമല്ല രാജ്യത്തെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ നജീബിന് പിന്തുണയുമായി എത്തിയത് സര്‍ക്കാരിന്റെ മുഖത്ത് കിട്ടിയ അടിയാണ്. മൂന്ന് വര്‍ഷത്തിന് ശേഷവും എനിക്ക് ഒന്നേ പറയാനുള്ളു, മകനെ തിരിച്ചുതരണം.

തങ്ങള്‍ എല്ലാം ചെയ്തു എന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. അവര്‍ കോടതി നിര്‍ദേശം പിന്തുടരുകയല്ലാതെ ഒന്നും ചെയ്തിട്ടില്ല. അവര്‍ കേസ് അന്വേഷിച്ചിട്ടു പോലുമില്ല-നഫീസ് കുറ്റപ്പെടുത്തി.

നജീബിന്റെ തിരോധാനം

എംഎസ് സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു നജീബ്. ജെഎന്‍യു ക്യാംപസില്‍നിന്ന് കാണാതാകുമ്പോള്‍ 27 വയസ്സ്. എബിവിപി വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതിന് പിന്നാലെയാണ് നജീബിനെ യൂനിവേഴ്‌സിറ്റിയുട ഹോസ്റ്റലില്‍ നിന്ന് കാണാതാവുന്നത്. അതിന്റെ ഉത്തരവാദിത്തം എബിവിപി നിഷേധിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ നജീബിനെ സഹപാഠികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. ആ യാത്രയ്ക്കിടയില്‍ നജീബ് ബരേയില്ലിയിലെ ഉമ്മയെ വിളിച്ചു. അവര്‍ ഒരു ബസില്‍ നജീബിനെ കാണാനായി ജെഎന്‍യുവിലെത്തി. എത്തുന്നതിന് മുമ്പുവരെ നജീബുമായി ഉമ്മ സംസാരിച്ചിരുന്നു. ഹോസ്റ്റലില്‍ എത്തിയപ്പോള്‍, പക്ഷെ അവര്‍ക്ക് നജീബിനെ കാണാനായില്ല. നജീബ് അപ്രത്യക്ഷനായിരുന്നു. 'എവിടെ?' അന്നുമുതല്‍ ഇപ്പോഴും ഫാത്തിമ നഫീസ് ചോദിക്കുന്നതാണ് ഈ ചോദ്യം.

അന്വേഷണം ആവശ്യപ്പെട്ട് കുടുംബങ്ങള്‍ രംഗത്തുവന്നു. വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തി. ഒടുവില്‍ സിബിഐ അന്വേഷിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു. കണ്ടെത്താനുള്ള തങ്ങളുടെ ശ്രമം വിജയിച്ചില്ല എന്ന് രേഖപ്പെടുത്തിയാണ് സിബിഐ അന്വേഷണം അവസാനിപ്പിച്ചത്. 2018 ഒക്ടോബര്‍ 15നായിരുന്നു സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. സമഗ്രമായി അന്വേഷിച്ചെങ്കിലും എന്തെങ്കിലും കള്ളക്കളി നടന്നതായി കണ്ടെത്തിയില്ല എന്നായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ടിലെ സിബിഐയുടെ വാദം.

'എനിക്ക് വയ്യാതാകുന്നു. പ്രമേഹമുണ്ട്. പക്ഷെ, നീതിക്കായുള്ള പോരാട്ടത്തില്‍ ഞാന്‍ ശക്തയാണ്. മുമ്പെന്നത്തേക്കാളുമേറെ. എന്റെ മകനെ കണ്ടെത്താന്‍.' പരിക്ഷീണയെങ്കിലും ഫാത്തിമ നഫീസ് നിശ്ചയദാര്‍ഢ്യം കൈവിടുന്നില്ല.

വാഹനാപകടത്തില്‍ തളര്‍ന്നുപോയ ഭര്‍ത്താവിന് നജീബിനെ കണ്ടെത്താന്‍ പുറത്തിങ്ങുന്നതിന് പരിമിതിയുണ്ട്. രണ്ടാമത്തെ മകന് ജോലി കിട്ടിയിട്ടില്ല. വഖഫ് ബോര്‍ഡ് താല്‍ക്കാലിക ജോലി നല്‍കുന്നു. നജീബിനെ തേടി ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ ഒപ്പം വരുന്ന മകളുണ്ട്. അവള്‍ പഠിക്കുന്നു. എല്ലാ ഭാരവും തലയിലേറ്റേണ്ടിവരുന്ന ആ ഉമ്മ, മൂന്ന് വര്‍ഷം പിന്നിടുമ്പോഴും നജീബിനെ കണ്ടെത്താനുള്ള എല്ലാ വഴികളും മുട്ടുകയാണ്.

Next Story

RELATED STORIES

Share it