India

യെസ് ബാങ്ക് സീനിയര്‍ എക്‌സിക്യൂട്ടീവിന്റെ ദുരൂഹമരണം; അന്വേഷണം ഏറ്റെടുത്ത് സിബിഐ

സംഭവം നടന്ന് അഞ്ചുമാസത്തിന് ശേഷമാണ് ഹരിയാന പോലിസില്‍നിന്ന് കേസ് സിബിഐ ഏറ്റെടുക്കുന്നത്. ആഗസ്ത് അഞ്ചിനാണ് ഗുഡ്ഗാവ് വീട്ടില്‍നിന്ന് പുറത്തുപോയ ധീരജിന്റെ മൃതദേഹം ഡല്‍ഹി രോഹിണിയിലെ കനാലില്‍ കണ്ടെത്തിയത്.

യെസ് ബാങ്ക് സീനിയര്‍ എക്‌സിക്യൂട്ടീവിന്റെ ദുരൂഹമരണം; അന്വേഷണം ഏറ്റെടുത്ത് സിബിഐ
X

ന്യൂഡല്‍ഹി: യെസ് ബാങ്ക് സീനിയര്‍ എക്‌സിക്യൂട്ടീവ് ധീരജ് അഹ്‌ലാവത്തി (38) ന്റെ ദുരൂമരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. സംഭവം നടന്ന് അഞ്ചുമാസത്തിന് ശേഷമാണ് ഹരിയാന പോലിസില്‍നിന്ന് കേസ് സിബിഐ ഏറ്റെടുക്കുന്നത്. ആഗസ്ത് അഞ്ചിനാണ് ഗുഡ്ഗാവ് വീട്ടില്‍നിന്ന് പുറത്തുപോയ ധീരജിന്റെ മൃതദേഹം ഡല്‍ഹി രോഹിണിയിലെ കനാലില്‍ കണ്ടെത്തിയത്. ധീരജിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. കോര്‍പറേറ്റ് വായ്പകള്‍ സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളാണ് ധീരജിനെ കൊലപ്പെടുത്താനുള്ള കാരണമെന്നും കുടുംബം പറയുന്നു.

വീട്ടില്‍നിന്ന് വെറുതെ നടക്കാന്‍ പുറത്തുപോയ ധീരജിനെ കാണാതാവുകയും രണ്ടുദിവസത്തിനുശേഷം മൃതദേഹം കനാലില്‍നിന്ന് കണ്ടെടുക്കുകയുമാണ് ചെയ്തതെന്ന് കുടുംബം കൂട്ടിച്ചേര്‍ത്തു. സഹോദരി കൈയില്‍ അണിയിച്ച രാഖി തിരിച്ചറിഞ്ഞാണ് മൃതദേഹം ധീരജിന്റേതാണന്ന് ഉറപ്പുവരുത്തിയത്. യെസ് ബാങ്കിന്റെ വൈസ് പ്രസിഡന്റായിരുന്നു ധീരജ്. ഹരിയാന പോലിസ് പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്.

ലോക്കല്‍ പോലിസിന്റെ അന്വേഷണത്തില്‍ പുരോഗതി ഇല്ലാതായതോടെ കുടുംബം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ ഒക്ടോബറില്‍ കണ്ടിരുന്നു. കേസ് സിബിഐയ്ക്ക് വിടണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഒക്ടോബര്‍ 17ന് സംസ്ഥാന സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ജനുവരി ആറിന് കേന്ദ്രം നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു. കൊലപാതകം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, തട്ടിക്കൊണ്ടുപോവല്‍ എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it