India

ജമ്മുകശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി

കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

ജമ്മുകശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ കേന്ദ്രഭരണം ഒരു നിശ്ചിത സമയത്തേക്കു മാത്രമാണെന്നും അതിനു ശേഷം സംസ്ഥാനത്തിന് പൂര്‍ണ പദവി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനമായിരുന്നുവെന്നും ഇത് സര്‍ദാര്‍ വല്ലഭായ് പട്ടേലും ശ്യാമപ്രസാദ് മുഖര്‍ജിയും കണ്ട സ്വപ്‌നമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിന്റെ വികസനത്തിന് 370ാം വകുപ്പ് ഒരു തടസമായിരുന്നു. 370 അനുഛേദം ജമ്മുകശ്മീരില്‍ തീവ്രവാദവും അഴിമതിയും മാത്രമാണ് ഉണ്ടാക്കിയത്. സര്‍ക്കാറെടുത്ത തീരുമാനത്തില്‍ രാജ്യം മുഴുവന്‍ ഒന്നായി നിന്നു. 370ാം വകുപ്പ് കൊണ്ട് ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കുണ്ടായ നേട്ടമെന്തെന്ന് ആര്‍ക്കെങ്കിലും വിശദീകരിക്കാന്‍ സാധിക്കുമോ എന്നും പ്രധാനമന്ത്രി ചോദിച്ചു. ജമ്മു കശ്മീരിലും ലഡാക്കിലും സര്‍ക്കാര്‍ വലിയ വികസനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

സംസ്ഥാനത്ത് ഉടനെ നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടത്തും. ജമ്മുവിലെ ജനങ്ങള്‍ക്ക് അവരുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാം. ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാവും എന്നു ഞാന്‍ ഉറപ്പു നല്‍കുകയാണ്. ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റുകളില്‍ എല്ലാം സര്‍ക്കാര്‍ ഉടനെ നിയമനം നടത്തും. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും കൂടി ജമ്മു കശ്മീരില്‍ എത്തുന്നതോടെ വന്‍തോതിലുള്ള തൊഴിലവസരങ്ങളാവും ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ലഭിക്കുകയെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഏറെ ആലോചനകള്‍ക്കൊടുവിലാണ് ജമ്മു കശ്മീരിനെ കേന്ദ്രഭരണത്തിന് കീഴില്‍ കൊണ്ടു വരാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഇതൊരു നിശ്ചിത കാലഘട്ടത്തിലേക്ക് മാത്രമായിട്ടുള്ള നടപടിയാണ്.

തീര്‍ത്തും സുതാര്യമായ രീതിയിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ജമ്മു കശ്മീരില്‍ നടത്തിയത്. അതേ രീതിയില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടത്തും. ജമ്മു കശ്മീരില്‍ ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സിലിന് രൂപം നല്‍കാന്‍ ഞാന്‍ ഗവര്‍ണറോട് അഭ്യര്‍ഥിക്കുകയാണ്. കഴിഞ്ഞ മൂന്നോ നാലോ പതിറ്റാണ്ടുകളായി തടസ്സപ്പെട്ടു കിടക്കുന്ന ഈ പരിഷ്‌കാരം എത്രയും പെട്ടെന്ന് നടപ്പാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it