India

ഗുജറാത്ത് കോളജിലെ ആര്‍ത്തവ പരിശോധന: മൂന്ന് വനിതാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ദേശീയ വനിതാ കമ്മീഷന്റേതാണ് നടപടി. സംഭവം അന്വേഷിക്കാന്‍ ഗുജറാത്ത് പോലിസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

ഗുജറാത്ത് കോളജിലെ ആര്‍ത്തവ പരിശോധന: മൂന്ന് വനിതാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
X

അഹമ്മദാബാദ്: ഗുജറാത്തിലെ ശ്രീ സഹ്ജാനന്ദ് വനിതാ കോളജില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ മൂന്ന് വനിതാ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ദേശീയ വനിതാ കമ്മീഷന്റേതാണ് നടപടി. സംഭവം അന്വേഷിക്കാന്‍ ഗുജറാത്ത് പോലിസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ആര്‍ത്തവ വിലക്കിനുള്ള സമ്മതം വിദ്യാര്‍ഥിനികളില്‍നിന്ന് കോളജ് അധികൃതര്‍ നേരത്തെ തന്നെ വാങ്ങിയിരുന്നുവെന്നാണ് വിശദീകരണം. ആര്‍ത്തവ സമയത്ത് ഭക്ഷണശാലയില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനും കിടക്കയില്‍ കിടന്നുറങ്ങുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

കോളജ് പ്രവേശന സമയത്താണ് പെണ്‍കുട്ടികളില്‍നിന്ന് ഇതിനുള്ള സമ്മതം വാങ്ങിയിരിക്കുന്നത്. ആര്‍ത്തവ പരിശോധന നടത്തിയ രീതിക്കെതിരെ മാത്രാണെന്ന് പെണ്‍കുട്ടികളുടെ പരാതിയെന്ന് കമ്മീഷന്‍ പറഞ്ഞു. ഗുജറാത്തിലെ ഭുജിലാണ് സംഭവം നടന്നത്. ആര്‍ത്തവ ദിനങ്ങളിലാണോയെന്നറിയാന്‍ 68 പെണ്‍കുട്ടികളെയാണ് കോളജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധിച്ചത്. ആര്‍ത്തവസമയത്ത് അടുക്കളയിലും സമീപത്തെ ക്ഷേത്രത്തിലും കയറിയെന്നാരോപിച്ചായിരുന്നു പരിശോധന. പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മറ്റ് അധ്യാപകരും പങ്കാളികളായിരുന്നെന്ന് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറഞ്ഞിരുന്നു.

സംഭവത്തെ ശക്തമായി അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. ഭുജിലെ ശ്രീ സഹ്ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന സംഭവം അപലപനീയമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ പ്രതികരിച്ചു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വനിതകള്‍ ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ നീക്കാന്‍ പോരാടുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും ദേശീയ വനിത കമ്മീഷന്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

Next Story

RELATED STORIES

Share it