India

ഒഡീഷയില്‍ കരിങ്കല്‍ ക്വാറിയില്‍ പാറയിടിഞ്ഞ് വന്‍ അപകടം; നിരവധി മരണം

ഒഡീഷയില്‍ കരിങ്കല്‍ ക്വാറിയില്‍ പാറയിടിഞ്ഞ് വന്‍ അപകടം; നിരവധി മരണം
X

ഭുവനേശ്വര്‍: ഒഡീഷയിലെ ധെന്‍കനാല്‍ ജില്ലയിലുള്ള കരിങ്കല്‍ ക്വാറിയില്‍ പാറയിടിഞ്ഞു വീണ് വന്‍ അപകടം. ശനിയാഴ്ച നടന്ന അപകടത്തില്‍ നിരവധി തൊഴിലാളികള്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ ഇപ്പോഴും പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ധെന്‍കനാല്‍ ജില്ലയിലെ മോട്ടംഗ പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗോപാല്‍പൂര്‍ ഗ്രാമത്തിന് സമീപത്തെ ക്വാറിയിലാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ ഡ്രില്ലിംഗിലും ഖനന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കെയാണ് വലിയൊരു ഭാഗം പാറ ഇടിഞ്ഞു വീണത്. അപകടസമയത്ത് എത്ര തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തില്‍ ഇതുവരെ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല.

അപകടവിവരമറിഞ്ഞ ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സംഘവും ഒഡീഷ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജെ.സി.ബി ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികളും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ധെന്‍കനാല്‍ ജില്ലാ കലക്ടര്‍ ആശിഷ് ഈശ്വര്‍ പാട്ടീലും എസ്.പി അഭിനവ് സോങ്കറും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാ പ്രവര്‍ത്തനം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ പ്രതിപക്ഷ നേതാവ് നവീന്‍ പട്നായിക് ഖേദം രേഖപ്പെടുത്തി. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഖനനത്തിനായി നടത്തിയ സ്ഫോടനമാണോ പാറയിടിച്ചിലിന് കാരണമായതെന്ന് അധികൃതര്‍ പരിശോധിച്ചു വരികയാണ്. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്.





Next Story

RELATED STORIES

Share it