India

സാമൂഹിക മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം; വോട്ടെടുപ്പിനു മുമ്പുള്ള 48മണിക്കൂറില്‍ പ്രചാരണം അനുവദിക്കില്ല

രാഷ്ട്രീയ പരസ്യങ്ങള്‍ അബദ്ധത്തില്‍ കടന്നുകൂടിയാല്‍ പരമാവധി മൂന്നു മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണമെന്നും ചട്ടങ്ങളില്‍ വ്യക്തമാക്കുന്നു.

സാമൂഹിക മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം; വോട്ടെടുപ്പിനു മുമ്പുള്ള 48മണിക്കൂറില്‍ പ്രചാരണം അനുവദിക്കില്ല
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം. പ്രധാന സാമൂഹിക മാധ്യമങ്ങളില്‍ വോട്ടെടുപ്പു സമയത്തും വോട്ടെടുപ്പിനു മുമ്പുള്ള 48മണിക്കൂറിലും പരസ്യങ്ങള്‍ ഉള്‍പ്പടെ യാതൊരു തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളും അനുവദിക്കുന്നതല്ലെന്ന് പെരുമാറ്റ ചട്ട നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഈ സമയപരിധിയില്‍ രാഷ്ട്രീയ പ്രചാരണം ലക്ഷ്യം വച്ചുള്ള ഉള്ളടക്കങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടനടി നീക്കം ചെയ്യും. രാഷ്ട്രീയ പരസ്യങ്ങള്‍ അബദ്ധത്തില്‍ കടന്നുകൂടിയാല്‍ പരമാവധി മൂന്നു മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണമെന്നും ചട്ടങ്ങളില്‍ വ്യക്തമാക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിക്കുന്ന സമിതി പരിശോധിക്കും. സമിതിയുടെ വിലയിരുത്തലിനും അംഗീകാരത്തിനും ശേഷം മാത്രമേ ഇവ പ്രസിദ്ധീകരിക്കാന്‍ സാധിക്കൂ. പെരുമാറ്റ ചട്ട നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതായി ഫേസ്ബുക്ക്, ഗൂഗിള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ വ്യക്തമാക്കി. ചട്ടങ്ങള്‍ പാലിച്ചായിരിക്കും സാമൂഹിക മാധ്യമങ്ങളുടെ പ്രവര്‍ത്തനമെന്നു സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ അറിയിച്ചു. നോഡല്‍ ഓഫീസറുടെ അനുമതി ലഭിക്കാതെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഒന്നും പ്രസിദ്ധീകരിക്കില്ലെന്നും സ്ഥാപനങ്ങള്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പെരുമാറ്റ ചട്ടം സംബന്ധിച്ച നിര്‍ദേശങ്ങള്‍ രൂപീകരിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഫേസ്ബുക്ക്, വാട്്‌സാപ്, ട്വിറ്റര്‍, ഗൂഗിള്‍, ഷെയര്‍ചാറ്റ്്, ടിക്ടോക് അടക്കമുള്ള സാമൂഹിക മാധ്യമ സേവനങ്ങളുടെ പ്രതിനിധികളുമായും കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു.

Next Story

RELATED STORIES

Share it