India

പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയെ നീക്കി; തമിഴിസൈ സൗന്ദര്‍രാജന് ചുമതല

നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബേദിയെ നീക്കുന്നത് ബിജെപിയുടെ രാഷ്ട്രീയനീക്കമായാണ് കരുതുന്നത്. ബേദിയാണ് പുതുച്ചേരിയുടെ വികസനത്തിനു തടയിട്ടതെന്ന കോണ്‍ഗ്രസ് ആരോപണത്തെ മറികടക്കാനുള്ള തന്ത്രം കൂടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയെ നീക്കി; തമിഴിസൈ സൗന്ദര്‍രാജന് ചുമതല
X

ന്യൂഡല്‍ഹി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കിരണ്‍ ബേദിയെ നീക്കി. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന് പുതുച്ചേരിയുടെ താല്‍ക്കാലിക ചുമതലയും നല്‍കി. ചൊവ്വാഴ്ച രാത്രി രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി തമിഴ്‌നാട് ഘടകം മുന്‍ പ്രസിഡന്റാണ് തമിഴിസൈ. പുതിയ ഗവര്‍ണറെ നിയമിക്കുന്നതുവരെ തമിഴിസൈ ആയിരിക്കും ചുമതല വഹിക്കുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിര്‍ദേശിച്ചതായി രാഷ്ട്രപതിഭവന്‍ വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ട 30 പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നുപേരും ഉള്‍പ്പെട്ടതാണ് പുതുച്ചേരി നിയമസഭ. ഭരണമുന്നണിക്ക് 18 അംഗങ്ങളാണുണ്ടായിരുന്നത്. 14 അംഗങ്ങളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. മൂന്ന് ഡിഎംകെ അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെയായിരുന്നു നാരായണ സ്വാമി സര്‍ക്കാരിന്റെ ഭരണം. എന്നാല്‍ നാല് എംഎല്‍എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗസംഖ്യ 10 ആയി ചുരുങ്ങി. ഇതോടെയാണ് നാരായണസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയോടെ പുതുച്ചേരി നിയമസഭയിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അംഗസംഖ്യ 14 ആയി. സമീപസംസ്ഥാനമായ തമിഴ്‌നാടിനൊപ്പം മെയ് മാസത്തിലായിരിക്കും പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ്.

നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബേദിയെ നീക്കുന്നത് ബിജെപിയുടെ രാഷ്ട്രീയനീക്കമായാണ് കരുതുന്നത്. ബേദിയാണ് പുതുച്ചേരിയുടെ വികസനത്തിനു തടയിട്ടതെന്ന കോണ്‍ഗ്രസ് ആരോപണത്തെ മറികടക്കാനുള്ള തന്ത്രം കൂടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമാണ് കിരണ്‍ ബേദി പുതുച്ചേരിയുടെ വികസനം തടസ്സപ്പെടുത്തിയതെന്നായിരുന്നു നാരായണ സ്വാമി ആരോപിച്ചത്. 2016 ല്‍ ഗവര്‍ണറായി കിരണ്‍ ബേഡി ചുമതലയേറ്റത് മുതല്‍ നാരായണസ്വാമിയുമായി രൂക്ഷമായ ഏറ്റുമുട്ടലിലായിരുന്നു. കഴിഞ്ഞമാസം ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നാരായണസ്വാമി ധര്‍ണ നടത്തുന്ന അവസ്ഥവരെയുണ്ടായി.

Next Story

RELATED STORIES

Share it