India

കശ്മീര്‍ വിഷയത്തില്‍ സിപിഎം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

കശ്മീര്‍ വിഷയത്തില്‍ സിപിഎം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സംഭവവികാസങ്ങള്‍ സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നും വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാര്‍ രാജ്യസഭയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കി. എളമരം കരീം, കെ കെ രാഗേഷ്, കെ സോമപ്രസാദ് എന്നിവരാണ് സഭാ ചട്ടം 267 പ്രകാരം രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് നോട്ടീസ് നല്‍കിയത്.

കശ്മീരിലെ സ്ഥിതിഗതികള്‍ വളരെ ഗൗരവതരമാണ്. ഈ അടുത്ത ദിവസങ്ങളിലായി കേന്ദ്ര ഗവണ്‍മെന്റ് കാശ്മീരില്‍ നടത്തിയ ഇടപെടലുകള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും സംശയവും ഭീതിയും ഉളവാക്കിയിട്ടുണ്ട്. മുപ്പത്തയ്യായിരത്തോളം അര്‍ധ സൈനികരെ താഴ്‌വരയില്‍ വിന്യസിച്ചതും, അമര്‍നാഥ് തീര്‍ഥാടകരോടും വിനോദ സഞ്ചാരികളോടും സംസ്ഥാനം വിട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കിയതും കശ്മീരിനുള്ള പ്രത്യേക ഭരണഘടനാ പദവിക്കെതിരായുള്ള ആര്‍എസ്എസിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്ന് സംശയിക്കപ്പെടുന്നു.

കശ്മീരിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടി നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. പലരുമായും ഫോണില്‍ പോലും ബന്ധപ്പെടാന്‍ പറ്റാത്ത സാഹചര്യമാണ്. തിരഞ്ഞെടുപ്പില്‍ കിട്ടിയ ഭൂരിപക്ഷം കൈമുതലാക്കി രാജ്യ താല്‍പ്പര്യത്തിനെതിരായുള്ള ബിജെപിയുടെ എല്ലാ നീക്കങ്ങളെയും ശക്തമായി എതിര്‍ക്കുമെന്ന് എംപിമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it