India

കര്‍ണാടകയില്‍ പിയുസി വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കി

പിയു ക്ലാസുകള്‍ പുനരാരംഭിക്കുന്നതോടെ ഹിജാബ് പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഭരണകക്ഷിയായ ബിജെപി ഈ തീരുമാനമെടുത്തതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

കര്‍ണാടകയില്‍ പിയുസി വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കി
X

ബെംഗളൂരു: 2022-23 അധ്യയന വര്‍ഷം മുതല്‍ പ്രീയൂണിവേഴ്‌സിറ്റി കോഴ്‌സ് (പിയുസി) വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ യൂണിഫോം നിര്‍ബന്ധമാക്കി. പിയുസി വിദ്യാര്‍ത്ഥികള്‍ക്കായി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. പിയു ക്ലാസുകള്‍ പുനരാരംഭിക്കുന്നതോടെ ഹിജാബ് പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഭരണകക്ഷിയായ ബിജെപി ഈ തീരുമാനമെടുത്തതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്ത് എസ്എസ്എല്‍സി (10ാം ക്ലാസ്) ഫലം വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. പിയുസി പ്രവേശം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും.

2020-21 അധ്യയന വര്‍ഷത്തേക്ക് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിരുന്നില്ല. പുതിയ നിയമം ക്ലാസ് മുറികളില്‍ ഹിജാബ് നിരോധനം നടപ്പിലാക്കാന്‍ കോളജ് മാനേജ്‌മെന്റുകള്‍ക്ക് അധികാരം നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

നിരവധി രക്ഷിതാക്കളും വിദ്യാര്‍ഥികളും സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചുള്ള ഹര്‍ജി പരിഗണിച്ച കര്‍ണാടക ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കുന്നത് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയിരുന്നു.

യൂണിഫോം നിയമത്തെ ചോദ്യം ചെയ്ത് ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെതുര്‍ന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിന് സാധ്യതയില്ലാതെ, പിയുസി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് കമ്മിറ്റി (എസ്ഡിഎംസി) നിര്‍ദേശിക്കുന്ന യൂണിഫോം നിര്‍ബന്ധമാണെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

എസ്ഡിഎംസി യൂണിഫോം നിര്‍ദേശിക്കുന്നില്ലെങ്കില്‍ സമത്വവും ഐക്യവും നിലനിറുത്തുന്ന വസ്ത്രം ധരിക്കാന്‍ വിദ്യാര്‍ഥികളെ ശുപാര്‍ശ ചെയ്യുന്നതായും അത് പൊതു ക്രമത്തിന് ഭംഗം വരുത്തരുതെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു.

ക്ലാസുകളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് ആറ് പെണ്‍കുട്ടികള്‍ സമരം ആരംഭിച്ചതോടെയാണ് അന്താരാഷ്ട്ര വാര്‍ത്തയായ ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പി ഗേള്‍സ് പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ ആരംഭിച്ച ഹിജാബ് പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it