India

ഔദ്യോഗിക വസതിയിലെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ്; കര്‍ണാടക മുഖ്യമന്ത്രി ക്വാറന്റൈനില്‍

കൊവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി ഔദ്യോഗിക വസതി അടച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രി അടുത്ത ആഴ്ചവരെ മുഖ്യമന്ത്രി ഹോം ക്വാറന്റൈനില്‍ തുടരും.

ഔദ്യോഗിക വസതിയിലെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ്; കര്‍ണാടക മുഖ്യമന്ത്രി ക്വാറന്റൈനില്‍
X

ബംഗളൂരു: ഔദ്യോഗിക വസതിയിലെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ക്വാറന്റൈനില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലെ ഇലക്ട്രീഷ്യന്‍, ഡ്രൈവര്‍, പൈലറ്റ് വാഹനത്തിലെ ജീവനക്കാരന്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുമാരപാര്‍ക്ക് റോഡിലുള്ള സ്വകാര്യവസതിയില്‍ ഹോം ക്വാറന്റൈനാണ് അദ്ദേഹത്തിന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി ഔദ്യോഗിക വസതി അടച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രി അടുത്ത ആഴ്ചവരെ മുഖ്യമന്ത്രി ഹോം ക്വാറന്റൈനില്‍ തുടരും.

മുഖ്യമന്ത്രിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആരോഗ്യം തൃപ്തികരമാണെന്നും എങ്കിലും അദ്ദേഹം ക്വാറന്റൈനില്‍ പോവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം പി രേണുകാചാര്യ പറഞ്ഞു. താന്‍ ആരോഗ്യവാനാണെന്നും താമസസ്ഥലത്തുനിന്ന് തുടര്‍ന്നും ജോലിയില്‍ മുഴുകുമെന്നും യെദിയൂരപ്പ വെള്ളിയാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അടുത്ത കുറച്ചുദിവസത്തേക്ക് തന്റെ സ്വകാര്യ വസതിയിലായിരിക്കും ഉണ്ടാവുക. വീഡിയോ കോണ്‍ഫറന്‍സിങ് വഴി യോഗങ്ങളും നിര്‍ദേശങ്ങളും നല്‍കും.

എല്ലാവരും സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രോട്ടോക്കോളുകള്‍ പിന്തുടരണം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച മന്ത്രിസഭായോഗം ചേര്‍ന്നശേഷം പ്രത്യേകമായി സജ്ജീകരിച്ച കൊവിഡ് കെയര്‍ സെന്ററില്‍ അദ്ദേഹം സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞമാസം അദ്ദേഹത്തിന്റെ ഓഫിസിലെ നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍, ഇലക്ട്രീഷ്യന്‍, ഫയര്‍ ആന്റ് എമര്‍ജന്‍സി സര്‍വീസിലെ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരുന്നു. ഇതെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അടച്ചിരുന്നു.

Next Story

RELATED STORIES

Share it