India

സിഖുകാര്‍ക്കെതിരേ 'ഖലിസ്താനി' പരാമര്‍ശം; കങ്കണയ്‌ക്കെതിരേ കേസെടുത്ത് മുംബൈ പോലിസ്

സിഖുകാര്‍ക്കെതിരേ ഖലിസ്താനി പരാമര്‍ശം; കങ്കണയ്‌ക്കെതിരേ കേസെടുത്ത് മുംബൈ പോലിസ്
X

മുംബൈ: സിഖ് മതവിഭാഗക്കാര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ബോളീവുഡ് താരം കങ്കണ റണാവത്തിനെതിരേ പോലിസ് കേസെടുത്തു. മുംബൈയിലെ സബര്‍ബന്‍ഘര്‍ പോലിസ് സ്റ്റേഷനിലാണ് കങ്കണയുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുള്ള ഐപിസി 295 എ വകുപ്പ് പ്രകാരമാണ് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കങ്കണയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലിസ് വ്യക്തമാക്കി.

കങ്കണ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റാണ് കേസിനാധാരം. കര്‍ഷകരുടെ പ്രതിഷേധത്തെ 'ഖലിസ്ഥാനി' പ്രസ്ഥാനമായി കങ്കണ ബോധപൂര്‍വം ചിത്രീകരിക്കുകയും സിഖ് സമുദായത്തെ 'ഖലിസ്ഥാന്‍ ഭീകരര്‍' എന്ന് വിശേഷിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ ഡിഎസ്ജിഎംസി പറയുന്നു. പോസ്റ്റ് സിഖ് സമൂഹത്തെ മനപ്പൂര്‍വം അവഹേളിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് സിഖ് ഗുരുദ്വാര കമ്മറ്റിക്ക് വേണ്ടി പരാതി നല്‍കിയ അമര്‍ജീത്ത് സിങ് സിദ്ദു പറഞ്ഞു. വിഷയത്തില്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കമ്മിറ്റി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നു.

ശിരോമണി അകാലിദള്‍ (എസ്എഡി) നേതാവും സംഘടനയുടെ പ്രസിഡന്റുമായ മഞ്ജീന്ദര്‍ സിങ് സിര്‍സയുടെ നേതൃത്വത്തിലുള്ള ഡിഎസ്ജിഎംസി പ്രതിനിധി സംഘമാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെയും മുംബൈ പോലിസിലെ ഉന്നത ഉദ്യോഗസ്ഥരെയും കണ്ട് കങ്കണയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ടത്. കര്‍ഷക സമരത്തിനെതിരേയായിരുന്നു കങ്കണയുടെ വിവാദപരാമര്‍ശം. ''ഖലിസ്താനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാവാം. എന്നാല്‍, ഒരു സ്ത്രീയെ നമ്മള്‍ മറക്കാന്‍ പാടില്ല.

ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. രാജ്യത്തിന് എത്രയധികം ദുരിതം സമ്മാനിച്ച വ്യക്തിയാണെങ്കിലും അവര്‍ ഖലിസ്താനികളെ കൊതുകുകളെപ്പോലെ ചവിട്ടിയരച്ചു. സ്വന്തം ജീവന്‍തന്നെ അതിന് വിലയായി നല്‍കേണ്ടിവന്നുവെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത്'- എന്നായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം.

Next Story

RELATED STORIES

Share it