India

ജെഎന്‍യുവിലെ അക്രമം: മുഖംമൂടിക്കാരി ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയെന്ന് പോലിസ്

അന്വേഷണവുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിനു ഹാജരാവാന്‍ പ്രത്യേക അന്വേഷണസംഘം വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.

ജെഎന്‍യുവിലെ അക്രമം: മുഖംമൂടിക്കാരി ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയെന്ന് പോലിസ്
X

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടി ഡല്‍ഹി സര്‍വകലാശാല (ഡിയു) വിദ്യാര്‍ഥിനിയാണെന്നു പോലിസിന്റെ കണ്ടെത്തല്‍. അന്വേഷണവുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിനു ഹാജരാവാന്‍ പ്രത്യേക അന്വേഷണസംഘം വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. ഇവരുള്‍പ്പടെ 49 പേര്‍ക്ക് നോട്ടീസ് അയച്ചെങ്കിലും ആരുമെത്തിയില്ലെന്നും പോലിസ് അറിയിച്ചു. കൈയില്‍ വടിയുംപിടിച്ച് നീലത്തുണികൊണ്ട് മുഖം മറച്ചെത്തിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ നേരത്തെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഡല്‍ഹിയിലെ എബിവിപി പ്രവര്‍ത്തകയാണ് ഇവരെന്ന് ഇടതുവിദ്യാര്‍ഥി സംഘടനകളും ആരോപണമുന്നയിച്ചു. എന്നാല്‍, പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞെങ്കിലും ഇവരുടെ പേരോ മറ്റുവിവരങ്ങളോ പോലിസ് പുറത്തുവിട്ടിട്ടില്ല. ഡല്‍ഹിയിലെ എബിവിപി പ്രവര്‍ത്തകയാണ് മുഖംമൂടി ധാരിയെന്ന് ഇടതുവിദ്യാര്‍ഥി സംഘടനകള്‍ ആദ്യംതന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, എബിവിപി പ്രവര്‍ത്തകയായ കോമള്‍ ശര്‍മയാണ് ഈ മുഖംമൂടിക്കാരിയെന്നു കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു. ഡല്‍ഹി യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള ദൗലത് റാം കോളജിലെ വിദ്യാര്‍ഥിനിയാണ് ഇവര്‍. തന്നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് കോമള്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.

ഇതിനു പിന്നാലെയാണ് ഇവരെ സംബന്ധിച്ച് ഡല്‍ഹി പോലിസ് വെളിപ്പെടുത്തലിനു തയ്യാറായിരിക്കുന്നത്. ആക്രമണത്തില്‍ പങ്കെടുത്തവരെന്നു സംശയിക്കുന്ന എട്ടുവ്യക്തികളുടെ പേര് പ്രത്യേക അന്വേഷണസംഘം തലവനായ ഡിസിപി (ക്രൈംബ്രാഞ്ച്) ജോയ് ടിര്‍ക്കി വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതില്‍ ആറുപേരും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളില്‍പെട്ടവരാണ്. അക്രമത്തില്‍ പങ്കെടുത്ത മുഖംമൂടിക്കാരി പ്രതികളില്‍ ഉള്‍പ്പെട്ടിരുന്നില്ല.

Next Story

RELATED STORIES

Share it