ഡല്‍ഹി: കോണ്‍ഗ്രസില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെന്നു എഎപി എംഎല്‍എ

ഡല്‍ഹി: കോണ്‍ഗ്രസില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെന്നു എഎപി എംഎല്‍എ

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ തിരിച്ചെത്താന്‍ ആഗ്രഹമുണ്ടെന്നും അവരില്‍ നിന്നൊരുറപ്പ് ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും എഎപി എംഎല്‍എ അല്‍ക ലാമ്പ. താന്‍ 20 വര്‍ഷം പ്രവര്‍ത്തിച്ച പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ തിരിച്ചെത്താന്‍ അതിയായ ആഗ്രഹമുണ്ടെന്നും എന്നാല്‍ ക്ഷണമില്ലാതെ കയറിച്ചെല്ലാന്‍ ആരും ആഗ്രഹിക്കില്ലല്ലോ എന്നും ലാമ്പ പറഞ്ഞു. 1990കളില്‍ എന്‍എസ്‌യുഐ യിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ലാമ്പ 2002ല്‍ ആള്‍ ഇന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് 2013ലാണ് അവര്‍ എഎപിയില്‍ ചേര്‍ന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ചാന്ദ്‌നി ചൗക്ക് സീറ്റില്‍ നിന്നും എഎപി പ്രതിനിധിയായി മല്‍സരിച്ചു നിയമസഭയിലെത്തുകയായിരുന്നു. ബിജെപി രാഷ്ട്രീയത്തെ അങ്ങേയറ്റം വെറുക്കുന്നതിനാലാണ് താന്‍ എഎപിയില്‍ ചേര്‍ന്നത്. എന്നാല്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് തന്നെ വേണമെന്ന തിരിച്ചറിവിലാണ് താനിന്ന്. ബിജെപിക്കെതിരേ എഎപിയും കോണ്‍ഗ്രസും ഒന്നിക്കണമെന്നാണ് താനാഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം ലാമ്പക്കു ഏതു സമയവും കോണ്‍ഗ്രസില്‍ തിരിച്ചെത്താമെന്നു കോണ്‍ഗ്രസ് പ്രതിനിധി പി സി ചാക്കോ പറഞ്ഞു. വിവിധ സാഹചര്യങ്ങളില്‍ പലരും പാര്‍ട്ടി വിട്ടിട്ടുണ്ട്. തിരിച്ചെത്താന്‍ തയ്യാറാണെങ്കില്‍ അവരെയെല്ലാം കോണ്‍ഗ്രസ് സ്വാഗതം ചെയ്യുമെന്നും ചാക്കോ പറഞ്ഞു.

RELATED STORIES

Share it
Top