India

വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്ക് കേന്ദ്രം പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഫെബ്രുവരി 22ന് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ആരോഗ്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും സംയുക്തമായാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് നേരിട്ടുള്ള വിമാനം വഴിയോ മാറിക്കറിയോ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കുമാണ് നിയന്ത്രണങ്ങള്‍.

വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്ക് കേന്ദ്രം പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
X

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞവര്‍ഷം ആഗസ്തില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അസാധുവാക്കിക്കൊണ്ടാണ് പുതിയ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഫെബ്രുവരി 22ന് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ആരോഗ്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും സംയുക്തമായാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് നേരിട്ടുള്ള വിമാനം വഴിയോ മാറിക്കറിയോ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കുമാണ് നിയന്ത്രണങ്ങള്‍. പുതിയ കൊവിഡ് വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നും വരുന്ന യാത്രക്കാരെ വേര്‍തിരിക്കാനാണ് നിയന്ത്രണങ്ങള്‍ ലക്ഷ്യമിടുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് മോളിക്യുലാര്‍ പരിശോധന നിര്‍ബന്ധമാണെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പില്‍നിന്നും യുകെയില്‍ നിന്നും എത്തുന്നവര്‍ക്കും മോളിക്യുലാര്‍ പരിശേധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ വഴി വരുന്ന വിമാനങ്ങളില്‍ ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. കൊവിഡിനു കാരണമായ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങള്‍ കണ്ടെത്താനാണ് പുതിയ നിര്‍ദേശമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ മോളിക്യുലാര്‍ പരിശോധന സ്വന്തം ചെലവിലാണ് യാത്രക്കാര്‍ നടത്തേണ്ടത്.

ടെലിഫോണ്‍ നമ്പറും വിലാസവും സംബന്ധിച്ചുള്ള പ്രതിജ്ഞാപത്രത്തില്‍ പ്രവേശനം പരിശോധിക്കും. മോളിക്യുലാര്‍ പരിശോധനയ്ക്കായി കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് വേണ്ടത്ര ക്രമീകരണങ്ങളും അധികൃതരുമായി ചേര്‍ന്ന് വിമാനത്താവളങ്ങളില്‍ നടത്താമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവര്‍ നേരത്തേ തന്നെ എയര്‍ സുവിധ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. യാത്ര ചെയ്യുന്നതിന് 14 ദിവസം മുമ്പ് വരെ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സെല്‍ഫ് ഡിക്ലറേഷനില്‍ നല്‍കണം.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍നിന്നും യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കണം. ഈ പരിശോധനാ ഫലവും എയര്‍ സുവിധ പോര്‍ട്ടലില്‍ (www.newdelhiairport.in) അപ്‌ലോഡ് ചെയ്യണം. എയര്‍ സുവിധ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ചെയ്യുകയും കൊവിഡ് നെഗറ്റീഫ് പരിശോധനാ ഫലം അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന യാത്രക്കാര്‍ക്ക് മാത്രമേ ബോര്‍ഡിങ് അനുവദിക്കാന്‍ പാടുള്ളൂ എന്ന് വിമാന കമ്പനികള്‍ക്കും കര്‍ശനമായ നിര്‍ദേശമുണ്ട്. നിലവില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഫെബ്രുവരി 28 വരെ ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യയിലേക്കും തിരിച്ചും ഇപ്പോഴുള്ള വിമാനസര്‍വീസുകള്‍ വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തിലുള്ളതാണ്. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ലോകമാകെ വീണ്ടും ആശങ്ക പരത്തിയതിനെ തുടര്‍ന്നാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യ പുറപ്പെടുവിച്ചത്. യുകെ വകഭേദം എന്ന് അറിയപ്പെടുന്ന ബി.1.1.7, സൗത്ത് ആഫ്രിക്കന്‍ വകഭേദമായ ബി.1.135, ബ്രസീലില്‍നിന്നുള്ള വകഭേദമായ പി.1 എന്നിവയാണ് നോവല്‍ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങള്‍.

യുകെ വകഭേദം 86 രാജ്യങ്ങളിലും സൗത്ത് ആഫ്രിക്കന്‍ വകഭേദം 44 രാജ്യങ്ങളിലും ബ്രസീല്‍ വകഭേദം 15 രാജ്യങ്ങളിലുമാണ് ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. വൈറസിന്റെ ഈ വകഭേദങ്ങള്‍ക്ക് വ്യാപനശേഷി കൂടുതലാണ് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഇന്ത്യയില്‍ ഹ്രസ്വകാല താമസത്തിനായി (14 ദിവസം) ആഗ്രഹിക്കുന്ന വിദേശികള്‍ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരിക്കണം. പുറപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള എല്ലാ നടപടിക്രമങ്ങള്‍ക്കും വിധേയമാവുകയും അവരുടെ ജില്ലയോ സംസ്ഥാന ആരോഗ്യ അധികാരികളോ ശരിയായ അറിയിപ്പ് നല്‍കിയാല്‍ ഇന്ത്യ വിടാന്‍ അനുവദിക്കുകയും ചെയ്യും.

Next Story

RELATED STORIES

Share it