India

2021 മാര്‍ച്ച് വരെ ഇന്ത്യ നിര്‍ത്തലാക്കിയത് 16,369 മെഗാവാട്ട് താപനിലയങ്ങള്‍

2021 മാര്‍ച്ച് വരെ ഇന്ത്യ നിര്‍ത്തലാക്കിയത് 16,369 മെഗാവാട്ട് താപനിലയങ്ങള്‍
X

ന്യൂഡല്‍ഹി: 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കാര്യക്ഷമമല്ലാത്ത 16,369 മെഗാവാട്ട് താപനിലയങ്ങള്‍ ഇന്ത്യ നിര്‍ത്തലാക്കി. ഇന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ സിങ്, യുഎന്‍ ക്ലൈമറ്റ് ചെയ്്ഞ്ച് കോണ്‍ഫറന്‍സ് ഓഫ് ദി പാര്‍ട്ടീസ് (COP26) അധ്യക്ഷന്‍ അലോക് ശര്‍മയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കല്‍ക്കരി വൈദ്യുത നിലയങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്ന വിഷയം COP26 അധ്യക്ഷന്‍ യോഗത്തില്‍ ഉന്നയിച്ചു. കേന്ദ്ര സെക്രട്ടറി (ഊര്‍ജം), റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം സെക്രട്ടറി (MNRE), ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ഗ്രീന്‍ ഹൈഡ്രജനില്‍ ഇന്ത്യയുമായി സഹകരിക്കാനുള്ള ബ്രിട്ടന്റെ സന്നദ്ധത അലോക് ശര്‍മ അറിയിച്ചു. പാരീസ് ഉടമ്പടി പ്രകാരം കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള 100 ബില്യന്‍ ഡോളര്‍ ധനസഹായത്തിനുള്ള നിര്‍ദേശം യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന ഒരു ഹരിത ഊര്‍ജ ലോക ബാങ്ക് (World bank for Green Energy) സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ ഇരുപക്ഷവും സന്നദ്ധത വ്യക്തമാക്കി. COP26 വിജയകരമായി സംഘടിപ്പിക്കുന്നതിന് ബ്രിട്ടന്‍ ഇന്ത്യയുടെ പിന്തുണ അഭ്യര്‍ഥിച്ചു.

ഓഫ്‌ഷോര്‍ വിന്‍ഡ് പദ്ധതികളില്‍ (ജലാശയങ്ങളില്‍ സ്ഥാപിക്കുന്ന കാറ്റാടിപ്പാടങ്ങള്‍) ബ്രിട്ടനുമായി സഹകരിക്കാനുള്ള ഇന്ത്യയുടെ താല്‍പര്യം ആര്‍കെ സിങ് അറിയിച്ചു. സംഭരണ ചെലവ് കുറയ്ക്കുന്നതിന് വികസിത രാജ്യങ്ങളും വികസ്വരരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. പാരീസ് ഉടമ്പടി പ്രകാരം നിശ്ചയിച്ചിട്ടുള്ള ദേശീയ ലക്ഷ്യങ്ങള്‍ക്ക് (Nationally Determined Cotnributiosn NDCs) അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഏക G20 രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പ്രതിനിധികളെ അറിയിച്ചു. 2030 ആവുമ്പോഴേക്കും 450 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷിയെന്ന ഇന്ത്യയുടെ മഹത്തായ ലക്ഷ്യം കണക്കിലെടുത്ത് സംഭരണശേഷി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍ നടന്നു.

Next Story

RELATED STORIES

Share it