India

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 29 ആയി; കനത്ത ജാഗ്രതയില്‍ രാജ്യം

വിദേശത്തുനിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരെയും കര്‍ശന വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുവരെ ചൈന, ജപ്പാന്‍, ഹോങ് കോങ്, ദക്ഷിണകൊറിയ, തായ്‌ലാന്‍ഡ്, നേപ്പാള്‍, സിങ്കപ്പൂര്‍, ഇന്തോനീന്യ, വിയറ്റ്‌നാം, മലേഷ്യ, ഇറ്റലി, ഇറാന്‍ എന്നീ 12 രാജ്യങ്ങളില്‍നിന്ന് എത്തുന്നവരെയാണ് പരിശോധിച്ചിരുന്നത്.

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 29 ആയി; കനത്ത ജാഗ്രതയില്‍ രാജ്യം
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് (കൊവിഡ് 19) കൂടുതല്‍ പേരിലേക്ക് പടര്‍ന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത ജാഗ്രത. ഡല്‍ഹിയില്‍ 15 ഇറ്റാലിയന്‍ വിനോദസഞ്ചാരികളും ഗുഡ്ഗാവിലെ ഒരാളും ഉള്‍പ്പടെ 23 പുതിയ കേസുകളാണ് രാജ്യത്ത് പുതുതായി റിപോര്‍ട്ട് ചെയ്തത്. ഇതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇന്ത്യയില്‍ 29 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് ചികില്‍സയിലുള്ള 23 പേരും ഡല്‍ഹിയിലാണ്. രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇറ്റാലിയന്‍ വിനോദസഞ്ചാരികള്‍ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവറും ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളില്‍ ഓരോരുത്തരും ആഗ്രയില്‍ ആറുപേരും രോഗബാധിതരാണ്. ദുബയ് ഇന്ത്യന്‍ സ്‌കൂളിലെ 16 വയസ്സുള്ള വിദ്യാര്‍ഥിനിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

വിദേശയാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളില്‍നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് കരുതുന്നത്. ദുബയില്‍ തിരിച്ചെത്തി അഞ്ചുദിവസത്തിന് ശേഷമാണ് മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. വിദ്യാര്‍ഥിനിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍നിന്നെത്തിയ തങ്ങളുടെ ഒരു ജീവനക്കാരന് കൊറോണ ബാധിച്ചതായി പേടിഎം അറിയിച്ചു. ഇദ്ദേഹത്തെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പനിയുടെ ഗുരുഗ്രാമിലെയും നോയ്ഡയിലെയും ഓഫിസുകള്‍ രണ്ടുദിവസത്തേക്ക് അടച്ചു. ജീവക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്താല്‍ മതിയെന്ന് മാനേജ്‌മെന്റ് നിര്‍ദേശിച്ചു.

വിദേശത്തുനിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരെയും കര്‍ശന വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുവരെ ചൈന, ജപ്പാന്‍, ഹോങ് കോങ്, ദക്ഷിണകൊറിയ, തായ്‌ലാന്‍ഡ്, നേപ്പാള്‍, സിങ്കപ്പൂര്‍, ഇന്തോനീന്യ, വിയറ്റ്‌നാം, മലേഷ്യ, ഇറ്റലി, ഇറാന്‍ എന്നീ 12 രാജ്യങ്ങളില്‍നിന്ന് എത്തുന്നവരെയാണ് പരിശോധിച്ചിരുന്നത്. ഈവര്‍ഷം ഹോളിയാഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് ലോകമാകമാനമുള്ള വിദഗ്ധര്‍ അഭിപ്രായപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മോദി ട്വീറ്റ് ചെയ്തു. ഇതിനുപിന്നാലെ, ഹോളിയാഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി പ്രസിഡന്റ് ജെ പി നദ്ദയും ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി.

കൊറോണയുടെയും ഡല്‍ഹി കലാപത്തിന്റെയും പശ്ചാത്തലത്തില്‍ തനിക്ക് ഹോളിയാഘോഷമുണ്ടാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വ്യക്തമാക്കി. അതേസമയം, അമേരിക്കയില്‍ കാലിഫോര്‍ണിയയിലും കോവിഡ് ബാധയേറ്റ് ഒരാള്‍ മരിച്ചു. അമേരിക്കയിലാകെ 149 പേര്‍ക്ക് രോഗം സ്ഥിരീച്ചു. 10 പേര്‍ ഇതിനോടകം മരിച്ചതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു. ഇറ്റലിയിലും വൈറസ് ബാധ തുടരുകയാണ്. 107 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരിച്ചത്. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും 10 ദിവസത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സീരി എ ഫുട്‌ബോള്‍ മാച്ചടക്കം മാറ്റിവച്ചിട്ടുണ്ട്. 3,000ലധികം കേസുകളാണ് ഇറ്റലിയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ലോകത്താകമാനം വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 3,200 കവിഞ്ഞു. 94,000 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it