സിഎഎ വിരുദ്ധ പ്രക്ഷോഭം: ബംഗളൂരുവിലെ നിരോധനാജ്ഞ നിയമവിരുദ്ധം- കര്‍ണാടക ഹൈക്കോടതി

എല്ലാ പ്രതിഷേധങ്ങളും സംഘര്‍ഷത്തിലെത്തുമെന്ന മുന്‍വിധി സര്‍ക്കാരിന് പാടില്ല. ഏത് വിഷയത്തിലാണ് പ്രതിഷേധിക്കുന്നത് എന്നതിലല്ല, ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന തീരുമാനമെടുത്തതിലാണ് ആശങ്കയുള്ളത്.

സിഎഎ വിരുദ്ധ പ്രക്ഷോഭം: ബംഗളൂരുവിലെ നിരോധനാജ്ഞ നിയമവിരുദ്ധം- കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ നേരിടുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ ബംഗളൂരുവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിയമവിരുദ്ധമാണെന്ന് കര്‍ണാടക ഹൈക്കോടതി. പ്രതിഷേധറാലികള്‍ തടയുന്നതിനായി കഴിഞ്ഞവര്‍ഷം ഡിസംബര്‍ 18നാണ് ബംഗളൂരുവില്‍ പോലിസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അനുമതി നല്‍കിയ ശേഷം പ്രതിഷേധങ്ങള്‍ വിലക്കരുതെന്ന് കര്‍ണാടക സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. എല്ലാ പ്രതിഷേധങ്ങളും സംഘര്‍ഷത്തിലെത്തുമെന്ന മുന്‍വിധി സര്‍ക്കാരിന് പാടില്ല. ഏത് വിഷയത്തിലാണ് പ്രതിഷേധിക്കുന്നത് എന്നതിലല്ല, ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന തീരുമാനമെടുത്തതിലാണ് ആശങ്കയുള്ളത്. പ്രഥമദൃഷ്ട്യാ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തിന്റെ വിഷയത്തില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടിയ്‌ക്കെതിരേ കോണ്‍ഗ്രസ് നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അഭയ് എസ് ഓക്ക അധ്യക്ഷനായ ബെഞ്ചിന്റെ വിധി. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരേ രാജ്യസഭാ എംപി രാജീവ് ഗൗഡ, കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ സൗമ്യ റെഡ്ഡി എന്നിവരുള്‍പ്പെടെ ഒന്നിലധികം ഹരജികള്‍ സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. പ്രതിഷേധം റദ്ദാക്കാനുള്ള അനുമതി ഒറ്റരാത്രികൊണ്ട് നല്‍കിയതെങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനായ പ്രഭുലിങ് നവദ്ജിയോട് ചോദിച്ചു. അനുമതി നല്‍കിയശേഷം നിരോധനാജ്ഞയിലൂടെ അത് റദ്ദാക്കാന്‍ കഴിയുമോ. ഇത് തീര്‍ച്ചയായും ഒരു പ്രതിരോധനടപടിയാണ്. അത്തരം നടപടി സ്വീകരിക്കുമ്പോള്‍ പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ക്രമസമാധാനപാലനത്തിന് പ്രതിരോധനടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്ന് നവദ്ജി കോടതിയെ അറിയിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിഷേധത്തിനിടെ സാമൂഹ്യവിരുദ്ധര്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. ഡിസംബര്‍ 19ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പോലിസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം ഉയര്‍ത്തിക്കാട്ടി മംഗളൂരുവില്‍ അനിയന്ത്രിതമായ സാഹചര്യമാണ് നിലനിന്നിരുന്നതെന്ന് അഭിഭാഷകന്‍ വാദിച്ചു. ബംഗളൂരുവില്‍ ടൗണ്‍ ഹാളിന് മുന്നില്‍ പ്രതിഷേധിച്ച എഴുത്തുകാരന്‍ രാമചന്ദ്രഗുഹ ഉള്‍പ്പടെയുള്ള നൂറുകണക്കിനാളുകളെ പോലിസ് അറസ്റ്റുചെയ്തിരുന്നു. നേരത്തെ പ്രതിഷേധത്തിന് അനുമതി നല്‍കുകയും പിന്നീട് നിരോധനാജ്ഞയുടെ പേരില്‍ ഇത് നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top