India

ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയുടെ കൊലപാതകം: പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി

ശിക്ഷാവിധി പുനപ്പരിശോധിക്കേണ്ട ഒരു കാര്യവും നിലവിലില്ലെന്നു വ്യക്തമാക്കിയ കോടതി, ഹരജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന ആവശ്യവും നിരസിച്ചു.

ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയുടെ കൊലപാതകം: പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയുടെ കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരേ ഒമ്പത് പ്രതികള്‍ സമര്‍പ്പിച്ച പുനപ്പരിശോധന ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ശിക്ഷാവിധി പുനപ്പരിശോധിക്കേണ്ട ഒരു കാര്യവും നിലവിലില്ലെന്നു വ്യക്തമാക്കിയ കോടതി, ഹരജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന ആവശ്യവും നിരസിച്ചു. പുനപ്പരിശോധനാ ഹരജികളും രേഖകളും വിശദമായി പരിശോധിച്ചു. എന്നാല്‍, കേസില്‍ കഴിഞ്ഞ ജൂലൈ അഞ്ചിന് പുറപ്പെടുവിച്ച വിധിന്യായത്തില്‍ യാതൊരു പിശകുംപറ്റിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യ 2003 മാര്‍ച്ച് 26നാണ് അഹമ്മദാബാദില്‍ പ്രഭാതസവാരിക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 2002 ലെ ഗുജറാത്ത് കലാപത്തിന് പ്രതികാരമായി പാണ്ഡെയെ വധിച്ചുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. കുറ്റക്കാരായി കണ്ടെത്തിയ മുഖ്യപ്രതി അസ്ഗര്‍ അലി അടക്കം 12 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ പ്രത്യേക പോട്ട കോടതി വിധിച്ചെങ്കിലും ഗുജറാത്ത് ഹൈക്കോടതി 2011ല്‍ ഇവര്‍ക്കെതിരേയുള്ള കൊലക്കുറ്റം ഒഴിവാക്കി. ഗൂഢാലോചനയും വധശ്രമവും ഉള്‍പ്പടെയുള്ള വകുപ്പുകളില്‍ വിചാരണക്കോടതി നല്‍കിയ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരേ ഗുജറാത്ത് സര്‍ക്കാരും സിബിഐയുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് കൊലക്കുറ്റം നിലനില്‍ക്കുന്നതാണെന്നു വ്യക്തമാക്കിയ സുപ്രിംകോടതി, വിചാരണക്കോടതിയുടെ വിധി ശരിവയ്ക്കുകയായിരുന്നു.

Next Story

RELATED STORIES

Share it