Big stories

''അവരെന്റെ മകനെ കൊന്നു; ഭീകരന്റെ പിതാവെന്ന് മുദ്രകുത്തി; ജോലി നഷ്ടപ്പെട്ടു, പെന്‍ഷന്‍ നിഷേധിച്ചു''

ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയവരുടെ ബന്ധുക്കള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

അവരെന്റെ മകനെ കൊന്നു; ഭീകരന്റെ പിതാവെന്ന് മുദ്രകുത്തി; ജോലി നഷ്ടപ്പെട്ടു, പെന്‍ഷന്‍ നിഷേധിച്ചു
X

അഹമ്മദാബാദ്: നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നടന്ന മൂന്ന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വ്യാജമാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ കൊല്ലപ്പെട്ടയാളുടെ പിതാവ് ദുരനുഭവങ്ങള്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി. 2002ല്‍ പോലിസ് ഏറ്റുമുട്ടലിലെന്നു പറഞ്ഞ് വെടിവച്ചു കൊലപ്പെടുത്തിയ സാമിര്‍ ഖാന്‍ പഠാന്റെ പിതാവ് സര്‍ഫ്രാസ് ഖാന്‍ പത്താനാണ് തന്റെ ദുരനുഭവങ്ങള്‍ പങ്കുവച്ചത്. സുപ്രിംകോടതി നിയോഗിച്ച കമ്മീഷന്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്നു കണ്ടെത്തി റിപോര്‍ട്ട് സമര്‍പ്പിച്ചത് നീതി ലഭിക്കുമെന്ന നേരിയ പ്രതീക്ഷ നല്‍കുന്നതായി 68കാരനായ അദ്ദേഹം പറഞ്ഞു. അവരെന്റെ മകനെ കൊന്നു, തീവ്രവാദിയെന്ന് വിളിച്ച് എന്നെ നശിപ്പിച്ചു. ഭീകരവാദിയുടെ പിതാവെന്ന് മുദ്ര കുത്തി. എനിക്കെന്റെ ജോലി നഷ്ടപ്പെട്ടു. പെന്‍ഷന്‍ നിഷേധിച്ചു... വാക്കുകള്‍ പൂര്‍ത്തിയാക്കാവാതെ വയോധികന്‍ കണ്ണീര്‍ തുടയ്ക്കുകയായിരുന്നു. സംഭവസമയം അഹമ്മദാബാദ് മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ പ്രതിമാസം 18000 രൂപ ശമ്പളത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സര്‍ഫ്രാസ് പഠാന്‍. ഏറ്റുമുട്ടലിനു ശേഷം 10 ദിവസം കഴിഞ്ഞ് പോലിസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. രാത്രി മണിക്കൂറുകളോളം അവിടെ നിര്‍ത്തി. രണ്ടാഴ്ചയോളം ഇത് തുടര്‍ന്നതിനാല്‍ ജോലിക്കു പോവാനായില്ല. തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞു, നിങ്ങള്‍ ഭീകരവാദിയുടെ പിതാവല്ലേയെന്ന്. 28 വര്‍ഷം അധ്വാനിച്ചിട്ടും പെന്‍ഷനും പ്രൊവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റിയുമെല്ലാം നിഷേധിച്ചു-സര്‍ഫ്രാസ് പറഞ്ഞു.

എന്നാല്‍ സുഹ്്‌റബുദ്ദീന്‍-പ്രജാപതി കേസുകളിലെ അനുഭവം മറിച്ചു ചിന്തിക്കാനാണു പ്രേരിപ്പിക്കുന്നതെന്നും കേസിലെ എല്ലാവരെയും വെറുതെവിട്ടത് കണ്ടില്ലേയെന്നും ദൈവത്തിലല്ലാതെ ഒരു ശക്തിയിലും പ്രതീക്ഷയില്ലെന്നും 2005 ഒക്ടോബറില്‍ ഏറ്റുമുട്ടലിലെന്നു പറഞ്ഞ് ജാംനഗറില്‍ വച്ച് കൊലപ്പെടുത്തിയ ഹാജി ഇസ്മായിലിന്റെ പിതാവ് മെഹബൂബ് പറഞ്ഞു. സുപ്രിംകോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് എച്ച് എസ് ബേദിയാണ് സാമിര്‍ പത്താന്‍, ഹാജി ഇസ്മായില്‍, കാസിം ജാഫര്‍ എന്നിവരുടേത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നു റിപോര്‍ട്ട് സമര്‍പ്പിച്ചത്. ജാംനഗര്‍ ജില്ലയിലെ ജാം സലയില്‍ ഒരു ചെറിയ ഐസ്‌ക്രീം നിര്‍മാണ ഫാക്ടറിയിലാണ് മെഹബൂബ് ജോലി ചെയ്യുന്നത്. മൂത്ത സഹോദരന്‍ ഹനീഫ് മുംബൈയിലാണ്. ഇളയ സഹോദരന്‍ ഹബീബ് മെഹബൂബിനൊപ്പമാണ് താമസം. ജസ്റ്റിസ് ബേദിയുടെ റിപോര്‍ട്ടില്‍ സാമിര്‍ ഖാന്റെ കൊലപാതകത്തെ ക്രൂരമെന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. അഹമ്മദാബാദ് ഡിസിപി ഡിജി വന്‍സാരയുടെയും ജോയിന്റ് പോലിസ് കമ്മീഷണര്‍ പി പി പാണ്ഡ്യേയുടെയും നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സംഘമാണ് കൊലപാതകത്തിനു പിന്നില്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊലപ്പെടുത്താന്‍ പാകിസ്താനില്‍ നിന്നു ആയുധപരിശീലനം നേടിയെത്തിയ ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടനയിലെ അംഗങ്ങളെന്നാണു പോലിസ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.

എന്നാല്‍, കാസിം ജാഫറിന്റെ ഭാര്യ മുംബൈയിലെ 40കാരിയായ മറിയം ബീവി നന്ദി രേഖപ്പെടുത്തുന്നത് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദിനും സുപ്രിംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമാണ്. യാതൊന്നും ആഗ്രഹിക്കാതെയുള്ള അവരുടെ നിസ്വാര്‍ഥ പ്രവര്‍ത്തനമാണ് ഇപ്പോള്‍ സത്യം പുറത്തുവരാന്‍ കാരണമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു. 2006 ഏപ്രിലിലാണ് ഭര്‍ത്താവ് കാസിം ജാഫറിന്റെ മൃതദേഹം റോഡില്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കു ശേഷം പോലിസെത്തി റോഡപകടത്തിലാണ് മരിച്ചതെന്നു പറഞ്ഞു. അഹമ്മദാബാദിലെ ഹുസയ്‌നി തിക്രി എന്ന തീര്‍ഥാടന കേന്ദ്രത്തിലേക്കു മറ്റു 17 പേര്‍ക്കൊപ്പം പോയതായിരുന്നു. ജസ്റ്റിസ് ബേദിയുടെ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്, ഒരുസംഘം പോലിസുകാര്‍ ഇദ്ദേഹത്തെ ഷാഹിബാഗില്‍ നിന്നു വാഹനത്തില്‍ പിടിച്ചുകൊണ്ടുപോയി പ്രദേശത്തെ ഒരു ക്രിമിനല്‍ സംഘത്തെ കുറിച്ച് ചോദ്യംചെയ്തു. ഇപ്പോള്‍ ഡിഎസ്പിയായ ജെ എം ഭര്‍വാഡ് പറയുന്നത്, ജാഫര്‍ ഒരു പോലിസുകാരനോട് വെള്ളത്തിനു ചോദിച്ചെന്നും തിരിച്ചെത്തിയപ്പോള്‍ കാണാനില്ലെന്നുമായിരുന്നു.


പിന്നീട് മൃതദേഹമാണു കണ്ടെത്തിയത്. പോലിസ് ഇതിനെ റോഡപകടമാക്കി അന്വേഷണം അട്ടിമറിക്കുകയായിരുന്നു. ഇത്തരത്തില്‍ വ്യാജ ഏറ്റുമുട്ടലുകളിലൂടെ യുവാക്കളെ കൊലപ്പെടുത്തുകയും അവരുടെ കുടുംബത്തെ വേട്ടയാടുകയും ചെയ്ത പോലിസിന്റെ തനിനിറമാണ് കുടുംബങ്ങള്‍ വെളിപ്പെടുത്തുന്നത്.




Next Story

RELATED STORIES

Share it