India

കുരുക്ക് മുറുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍; അര്‍ണബിനെതിരായ ആത്മഹത്യാ പ്രേരണാക്കേസ് പുനരന്വേഷിക്കാന്‍ ഉത്തരവ്

2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കും അദ്ദേഹത്തിന്റെ അമ്മ കുമുദ് നായിക്കും ആത്മഹത്യചെയ്ത സംഭവത്തില്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്ത് തുടര്‍നടപടികളുണ്ടായില്ല. ഇതെത്തുടര്‍ന്ന് അന്‍വയ് നായിക്കിന്റെ മകള്‍ നടത്തിയ അഭ്യര്‍ഥനയിലാണ് പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

കുരുക്ക് മുറുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍; അര്‍ണബിനെതിരായ ആത്മഹത്യാ പ്രേരണാക്കേസ് പുനരന്വേഷിക്കാന്‍ ഉത്തരവ്
X

മുംബൈ: റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള ആത്മഹത്യാപ്രേരണക്കേസ് പുനരന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന സിഐഡി വകുപ്പിനാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ഇതുസംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവ് നല്‍കിയത്. 2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കും അദ്ദേഹത്തിന്റെ അമ്മ കുമുദ് നായിക്കും ആത്മഹത്യചെയ്ത സംഭവത്തില്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്ത് തുടര്‍നടപടികളുണ്ടായില്ല. ഇതെത്തുടര്‍ന്ന് അന്‍വയ് നായിക്കിന്റെ മകള്‍ നടത്തിയ അഭ്യര്‍ഥനയിലാണ് പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

അന്‍വയ് നായിക്കിന്റെ മരണത്തില്‍ അര്‍ണബ് ഗോസ്വാമിക്കും മറ്റു രണ്ടുപേര്‍ക്കുമെതിരേ അലിഭാഗ് പോലിസ് കേസെടുത്തിരുന്നു. എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് പോലിസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡിയായിരുന്നു അന്‍വയ് നായിക്. ആര്‍കിടെക്ട്, ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയായിരുന്നു ഇത്. മാതാവ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. അര്‍ണബ് ഗോസ്വാമിയും ഫിറോസ് ഷെയ്ഷ്, നിതീഷ് സാര്‍ധ എന്നിവരും ചേര്‍ന്ന് തന്റെ കൈയില്‍നിന്ന് 5.4 കോടി രൂപ വാങ്ങിയിരുന്നുവെന്ന് അന്‍വയ് നായിക് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സാര്‍ധ 55 ലക്ഷവും നല്‍കാനുണ്ട്.

അര്‍ണബിന്റെ റിപബ്ലിക് സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത വകയില്‍ അര്‍ണബ് ഗോസ്വാമി നല്‍കാനുള്ള 83 ലക്ഷം രൂപ നല്‍കിയില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയിലകപ്പെട്ടെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍, സ്റ്റുഡിയോ ഡിസൈന്‍ ചെയ്തതിന്റെ തുക കൊടുത്തുതീര്‍ത്തതാണെന്നാണ് റിപബ്ലിക്ക് ടിവിയുടെ പ്രതികരണം. 2018 മെയില്‍ റായിഗഡിലെ അലിബാഗിലെ വീട്ടിലാണ് ഇരുവരെയും ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. അര്‍ണബ് അടക്കം മൂന്നുപേര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തിരുന്നതായി റെയ്ഗഡ് പോലിസ് സൂപ്രണ്ട് അനില്‍ പരാസ്‌കര്‍ സ്ഥിരീകരിച്ചു.

എന്നാല്‍, കഴിഞ്ഞ ഏപ്രിലില്‍ പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്ന റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിവിധ കേസുകളിലായി അര്‍ണബിനെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ കുരുക്ക് മുറുക്കുകയാണ്. വിദ്വേഷ പരാമര്‍ശക്കേസിലും അര്‍ണബ് ഗോസ്വാമി അന്വേഷണം നേരിടുകയാണ്. മഹാരാഷ്ട്രയിലെ പല്‍ഗറില്‍ ഹിന്ദു സന്യാസി ആള്‍ക്കൂട്ടക്കൊലക്കിരയായ സംഭവം ഏപ്രില്‍ 21ന് റിപബ്ലിക് ടിവിയില്‍ നടത്തിയ ചര്‍ച്ചയില്‍ അര്‍ണബ് ഗോസ്വാമി വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് വിവിധ സംസ്ഥാനങ്ങളിലായി എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സോണിയാ ഗാന്ധിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും പരാതിക്ക് കാരണമായിട്ടുണ്ട്.

ബാന്ദ്രയില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെ വര്‍ഗീയവല്‍ക്കരിച്ച് അവതരിപ്പിച്ചെന്നാണ് രണ്ടാമത്തെ പരാതി. അര്‍ണബ് തന്റെ ടെലിവിഷന്‍ ഷോകളിലൂടെ പോലിസിനെ വിരട്ടുന്നുവെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹരജിയും സുപ്രികോടതിയുടെ പരിഗണനയില്‍ വന്നു. തനിക്കെതിരായ കേസ് സിബിഐയ്ക്ക് വിടണമെന്ന് അര്‍ണബ് സുപ്രിംകോടതിയില്‍ ആവശ്യപ്പെടുകയുണ്ടായി. മഹാരാഷ്ട്ര പോലിസിനെതിരേ അര്‍ണബ് പരിപാടിയില്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ടെന്നും അതിനാല്‍ അതേ പോലിസ് കേസന്വേഷിച്ചാല്‍ നിഷ്പക്ഷമാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവും തള്ളി. അതേസമയം, അറസ്റ്റിനുള്ള സ്റ്റേ കോടതി നീട്ടിനല്‍കിയിരുന്നു.

Next Story

RELATED STORIES

Share it