India

ബംഗാളില്‍ ബിജെപിക്കെതിരേ 'ഗോലി മാരോ' മുദ്രാവാക്യം മുഴക്കി തൃണമൂല്‍

സമാപനപൊതുസമ്മേളനത്തില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച തെക്കന്‍ കൊല്‍ക്കത്ത എംപി മാളാ റോയ് ബിജെപിക്കെതിരേ ശക്തമായ ഭാഷയിലാണ് ആഞ്ഞടിച്ചത്. കൊല്‍ക്കത്തയില്‍ ബിജെപി വീണ്ടും ഒരിക്കല്‍ക്കൂടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ നിങ്ങളുടെ കാലുകള്‍ മാത്രമായിരിക്കില്ല തല്ലിയൊടിക്കുകയെന്നും തല വെട്ടിക്കളയുമെന്നുമായിരുന്നു മുന്നറിയിപ്പ്.

ബംഗാളില്‍ ബിജെപിക്കെതിരേ ഗോലി മാരോ മുദ്രാവാക്യം മുഴക്കി തൃണമൂല്‍
X

കൊല്‍ക്കത്ത: ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ ബിജെപിക്കെതിരേ 'ഗോലി മാരോ' (രാജ്യദ്രോഹികളെ വെടിവയ്ക്കൂ) മുദ്രാവാക്യം വിളി ഉയര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും പങ്കെടുത്ത വമ്പിച്ച റാലിയിലാണ് ബിജെപിക്കെതിരേ 'ഗോലി മാരോ' ഉയര്‍ന്നത്. ഇത് രണ്ടാംതവണയാണ് കൊല്‍ക്കത്തയില്‍ 'ഗോലി മാരോ' മുദ്രാവാക്യം മുഴങ്ങുന്നത്. മുമ്പ് 'ഗോലി മാരോ' മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്തിരുന്നു. തെക്കന്‍ കൊല്‍ക്കത്തയില്‍ തിങ്കളാഴ്ച ബിജെപി നടത്തിയ റോഡ് ഷോയ്ക്ക് മറുപടിയായിരുന്നു തൃണമൂലിന്റെ റാലി.

ബിജെപി റോഡ് ഷോ നടത്തിയ അതേ സ്ഥലത്താണ് നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ അണിനിരന്ന റാലി സംഘടിപ്പിച്ചത്. അതേസമയം, സമാധാന റാലിയാണ് തങ്ങള്‍ സംഘടിപ്പിക്കുന്നതെന്നായിരുന്നു തൃണമൂല്‍ നേതാക്കള്‍ അറിയിച്ചിരുന്നത്. വൈദ്യുതി മന്ത്രി ശോഭാന്ദേബ് ചട്ടോപാധ്യായ, കൗണ്‍സില്‍ മുന്‍ മേയര്‍ ദേബാഷിഷ് കുമാറും എന്നിവരാണ് നേതൃനിരയിലുണ്ടായിരുന്നത്. സമാപനപൊതുസമ്മേളനത്തില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച തെക്കന്‍ കൊല്‍ക്കത്ത എംപി മാളാ റോയ് ബിജെപിക്കെതിരേ ശക്തമായ ഭാഷയിലാണ് ആഞ്ഞടിച്ചത്. കൊല്‍ക്കത്തയില്‍ ബിജെപി വീണ്ടും ഒരിക്കല്‍ക്കൂടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ നിങ്ങളുടെ കാലുകള്‍ മാത്രമായിരിക്കില്ല തല്ലിയൊടിക്കുകയെന്നും തല വെട്ടിക്കളയുമെന്നുമായിരുന്നു മുന്നറിയിപ്പ്.

അതേസമയം, 'ഗോലി മാരോ' മുദ്രാവാക്യം മുഴക്കിയതിനെതിരേ തൃണമൂല്‍ രംഗത്തെത്തിയിട്ടുണ്ട്. റാലിയില്‍ അത്തരത്തിലുള്ള മുദ്രാവാക്യം മുഴക്കാന്‍ പാടില്ലായിരുന്നുവെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പ്രതികരിച്ചു. അമിത ആവേശമുള്ള ചില പാര്‍ട്ടി അനുഭാവികളാണ് ഇത് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃണമൂലിന്റെ രാഷ്ട്രീയ എതിരാളികള്‍ സംഭവത്തെ അപലപിക്കുകയും സ്വന്തം നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയും ചെയ്തു. ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂരിലാണ് കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി നയിക്കുന്ന റാലി ആരംഭിക്കാനിരിക്കെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. റാലി സ്ഥലത്തേക്ക് പോവുന്ന പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം, ബിജെപിയുടെ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. തിങ്കളാഴ്ച ബിജെപി നടത്തിയ റോഡ് ഷോയ്ക്കിടെ കല്ലേറും നടന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പതാകയേന്തിയ ചിലരാണ് കല്ലേറ് നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്.

സുവേന്ദു അധികാരി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവര്‍ പങ്കെടുത്ത റോഡ് ഷോയ്ക്കിടെ നടന്ന കല്ലേറിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇരുവിഭാഗവും പരസ്പരം കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. അതേസമയം, കല്ലെറിഞ്ഞ തൃണമൂല്‍ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചതായും റിപോര്‍ട്ടുകള്‍ പുറത്തുവന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍നിന്ന് മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്ന് കഴിഞ്ഞദിവസം മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി റോഡ് ഷോ സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it