India

ഗോവ: പുതിയ മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നതെങ്കിലും സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ബിജെപി ഭരണം പിടിച്ചെടുക്കുകയായിരുന്നു

ഗോവ: പുതിയ മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും
X

പനാജി: കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന ഗോവയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ നടന്നേക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎല്‍എമാര്‍ക്കു കൂടി പ്രാതിനിധ്യം നല്‍കി മന്ത്രിസഭ അഴിച്ചുപണിയാനാണു സാധ്യത. കോണ്‍ഗ്രസില്‍ നിന്നു ബിജെപിയിലെത്തിയ മിഷേല്‍ ലോബോ, ബാബു കവലേക്കര്‍, ബാബുഷ് മോണ്‍സ്രെട്ട, ഫിലിപ്പ് നേരി റോഡ്രിഗ്‌സ് എന്നിവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണു സൂചനകള്‍. ഗോവയില്‍ ആകെയുള്ള 15 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 എംഎല്‍മാരാണ് കഴിഞ്ഞ ദിവസം രാജിക്കത്ത് നല്‍കിയത്. രാജിവച്ചവര്‍ ന്യൂഡല്‍ഹിയില്‍ ഇന്നലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ചര്‍ച്ചയ്‌ക്കെത്തിയത്. അതേസമയം, നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്തതിനെ എന്‍ഡിഎ ഘടകകക്ഷിയായ ഗോവ ഫോര്‍വേഡ് കക്ഷി രംഗത്തെത്തി. അതിനിടെ, ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍ക്കെതിരേ കൂറുമാറ്റ നിരോധനത്തിനു പരാതി നല്‍കാനാണു കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍, നിലവിലുള്ള എംഎല്‍മാരില്‍ പകുതിയിലേറെ മറുകണ്ടം ചാടിയതോടെ കൂറുമാറ്റ നിരോധന നിയമം നിലനില്‍ക്കുമോയെന്നതു സംബന്ധിച്ചും സംശയമുയര്‍ന്നിട്ടുണ്ട്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നതെങ്കിലും സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ബിജെപി ഭരണം പിടിച്ചെടുക്കുകയായിരുന്നു.



Next Story

RELATED STORIES

Share it