India

പ്രശസ്ത വയലിനിസ്റ്റ് പ്രഫ.ടി എന്‍ കൃഷ്ണന്‍ അന്തരിച്ചു

പത്മശ്രീ, കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ പദവിയും അലങ്കരിച്ചു.

പ്രശസ്ത വയലിനിസ്റ്റ് പ്രഫ.ടി എന്‍ കൃഷ്ണന്‍ അന്തരിച്ചു
X

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റും പത്മഭൂഷന്‍ ജേതാവുമായ പ്രഫ. ടി എന്‍ കൃഷ്ണന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതത്തിലെ വയലിന്‍ ത്രയങ്ങളില്‍ ലാല്‍ഗുഡി ജയരാമനും എം എസ് ഗോപാലകൃഷ്ണനുമൊപ്പം എഴുതപ്പെട്ട പേരാണ് ടി എന്‍ കൃഷ്ണന്‍. ഫിഡില്‍ഭാഗവതര്‍ എന്നറിയപ്പെട്ടിരുന്ന തൃപ്പൂണിത്തുറ ഭാഗവതര്‍മഠത്തില്‍ എ നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബര്‍ ആറിനാണ് ജനനം. അച്ഛനായിരുന്നു സംഗീതത്തില്‍ ഗുരു.

മൂന്നാംവയസ് മുതല്‍ വയലിന്‍ പഠിച്ചുതുടങ്ങിയ കൃഷ്ണന്‍, ഏഴാം വയസ്സില്‍ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് അനവധി വേദികളില്‍ വയലിനില്‍ നാദവിസ്മയം തീര്‍ത്തു. 1940കളുടെ തുടക്കത്തില്‍ കുടുംബം തിരുവനന്തപുരത്തെത്തി. അവിടെ മ്യൂസിക് അക്കാദമി പ്രിന്‍സിപ്പലായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശ്രദ്ധയില്‍ കൃഷ്ണന്‍പെട്ടു. തുടര്‍ന്ന് ശെമ്മാങ്കുടിയുടെ നിര്‍ദേശപ്രകാരം മദ്രാസിലെത്തിയതോടെയാണ് ടി എന്‍ കൃഷ്ണന്‍ സംഗീതലോകത്ത് ഉയര്‍ച്ചയുടെ പടവുകള്‍ കയറിത്തുടങ്ങിയത്.

പത്മശ്രീ, കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ പദവിയും അലങ്കരിച്ചു. ചെന്നൈ മ്യൂസിക് അക്കാദമിയില്‍ അധ്യാപകനായി ചേര്‍ന്ന കൃഷ്ണന്‍ പ്രിന്‍സിപ്പലായാണ് വിരമിച്ചത്. ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ മ്യൂസിക് വിഭാഗം ഡീനായും പ്രവര്‍ത്തിച്ചു. രാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തയ്യായിരത്തിലധികം കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആലപ്പി കെ പാര്‍ത്ഥസാരഥി, അരയാംകുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നിവരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, മുസിരി സുബ്രഹ്മണ്യയ്യര്‍, മധുരൈ മണി അയ്യര്‍ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം വയലിന്‍ വായിച്ചിട്ടുണ്ട്. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. എന്‍ രാജം, കൃഷ്ണന്റെ സഹോദരിയാണ്. പാലക്കാട് നെന്മാറ അയിരൂര്‍ സ്വദേശിനിയായ കമലയാണ് ഭാര്യ. മക്കള്‍: വിജി കൃഷ്ണന്‍, ശ്രീറാം കൃഷ്ണന്‍. ശ്രീറാം കൃഷ്ണന്‍ അറിയപ്പെടുന്ന വയലിനിസ്റ്റാണ്.

Next Story

RELATED STORIES

Share it