India

കശ്മീരികള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു; പോരാടാനുള്ള നിശ്ചയദാര്‍ഡ്യമൊഴിച്ച്: കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ്

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയുള്ള കശ്മീരിന്റെ സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ച് ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പ്രസിഡന്റും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഷാ ഫൈസല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണ് ഇക്കാര്യങ്ങള്‍.

കശ്മീരികള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു; പോരാടാനുള്ള നിശ്ചയദാര്‍ഡ്യമൊഴിച്ച്: കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ്
X

ശ്രീനഗര്‍: കശ്മീര്‍ ഇപ്പോഴൊരു കെട്ടിയടച്ച കോട്ടപോലെയാണ്. സീറോ ബ്രിഡ്്ജ് മുതല്‍ എയര്‍പോര്‍ട്ട് വരെ അപൂര്‍വ്വം വാഹനങ്ങള്‍ മാത്രമേ കാണാനുള്ളു. മറ്റു പ്രദേശങ്ങളെല്ലാം പൂര്‍ണമായും വിജനം. രോഗികള്‍ക്കും കര്‍ഫ്യൂ പാസുള്ളവര്‍ക്കും മാത്രമാണ് പുറത്തിറങ്ങാന്‍ പറ്റുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയുള്ള കശ്മീരിന്റെ സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ച് ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പ്രസിഡന്റും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഷാ ഫൈസല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണ് ഇക്കാര്യങ്ങള്‍.

ഉമര്‍ ഉബ്ദുല്ലയെയോ മെഹബൂബ മുഫ്്തിയെയോ സജ്ജാദ് ലോണിനെയോ ബന്ധപ്പെടാനോ സന്ദേശമയക്കാനോ സാധിക്കുന്നില്ല. മറ്റു ജില്ലകളിലൊക്ക കര്‍ഫ്യൂ വളരെ കര്‍ശനമാണ്. 80 ലക്ഷം പേര്‍ മുന്‍പൊരിക്കലുമില്ലാത്ത വിധം തടങ്കലിലാക്കപ്പെട്ടിരിക്കുകയാണ്.

നിലവില്‍ ഭക്ഷണത്തിനോ മറ്റു അവശ്യവസ്തുക്കള്‍ക്കോ ക്ഷാമമില്ല. ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുള്ള സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് പൊതുവിതരണം ഏകോപിപ്പിക്കുന്നതെന്നാണ് തനിക്ക് ബന്ധമുള്ള അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. മറ്റ് ആശയ വിനിമയ മാര്‍ഗങ്ങളൊന്നും ലഭ്യമല്ല.


ഡിഷ് ടിവിയുള്ളവര്‍ക്ക് മാത്രം വാര്‍ത്തകള്‍ അറിയാം. കേബിള്‍ സര്‍വീസും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. വലിയൊരു വിഭാഗത്തിനും എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ഇപ്പോഴും ധാരണയില്ല. ഏതാനും മണിക്കൂര്‍ മുമ്പ് റേഡിയോയും പ്രവര്‍ത്തന രഹിതമായി. ഭൂരിഭാഗം പേരും ദൂര്‍ദര്‍ശനെയാണ് ആശ്രയിക്കുന്നത്. ദൂര്‍ദര്‍ശന്‍ റിപോര്‍ട്ടര്‍മാര്‍ക്കും ഉള്‍ഭാഗങ്ങളിലേക്കൊന്നും പോവാന്‍ അനുമതിയില്ല.

കാര്യമായ അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റാംബാഗ്, നാതിപോര, ഡൗണ്‍ടൗണ്‍, കുല്‍ഗാം, അനന്ത്‌നാഗ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കല്ലേറ് സംഭവങ്ങള്‍ നടന്നതായി റിപോര്‍ട്ടുണ്ട്.

എല്ലാവരും ഹൃദയം തകര്‍ന്ന് ഇരിപ്പാണ്. ഓരോ മുഖങ്ങളിലും തോല്‍പ്പിക്കപ്പെട്ടവന്റെ വ്യഥ. ആളുകള്‍ മരവിച്ചിരിക്കുകയാണ്. ഭൂമി, സ്വത്വം, ചരിത്രം എന്നിവ പകല്‍ വെളിച്ചത്തില്‍ മോഷ്ടിക്കപ്പെട്ട ഒരു ജനതയായി മാറി കശ്മീരികള്‍.

തടവിലടക്കപ്പെടാതെ ബാക്കിയായ നേതാക്കള്‍ ജനങ്ങളോട് സമാധാനം പാലിക്കാന്‍ ടിവിയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. 8000 മുതല്‍ 10,000 പേര്‍ കൊല്ലപ്പെട്ടേക്കാമെന്ന് സര്‍ക്കാര്‍ മുന്‍കൂട്ടിക്കാണുന്നതായാണ് സംസാരമെന്ന് ഷാ ഫൈസല്‍ പറഞ്ഞു. ഒരു കൂട്ടക്കൊലയ്ക്ക് സര്‍ക്കാരിന് അവസരം നല്‍കാതിരിക്കലാണ് വിവേകം. നമുക്ക് ജീവനോടെയിരിക്കാം; ശേഷം ഇതിനേതിരേ പൊരുതാം എന്നാണ് എനിക്ക് ആഹ്വാനം ചെയ്യാനുള്ളത്.

ചെക്ക് പോസ്റ്റുകളില്‍ ഉള്ള സുരക്ഷാ സൈനികരുടെ ശരീര ഭാഷ വളരെ രൂക്ഷമാണ്. ജമ്മു കശ്മീര്‍ പോലിസ് പൂര്‍ണമായും പക്ഷപാതപരമായാണ് പെരുമാറുന്നത്. ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ സ്ഥലമേതാണെന്ന് കാണിച്ചുതരാന്‍ പോവുകയാണെന്നാണ് ഒരു പോലിസുകാരന്‍ എന്റെ ബന്ധുവിനോട് പറഞ്ഞത്.

ഞങ്ങളുടെ ചരിത്രവും സ്വത്വവും കവര്‍ന്നെടുക്കുന്ന ഈ ഭരണഘടനാവിരുദ്ധ നിയമത്തിനെതിരേ നിയമപരമായും ജനാധിപത്യപരമായും പൊരുതാനുള്ള ഒരുക്കത്തിലാണ് കശ്മീരിലെ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും. അത് മാത്രമാണ് ഇനിയുള്ള പ്രതീക്ഷ. അന്താരാഷ്ട്ര സമൂഹം കണ്ണടച്ചിരിക്കുകയാണ.് അതുകൊണ്ട് തന്നെ അവരില്‍ നിന്നൊന്നും പ്രതീക്ഷിക്കുന്നില്ല.

ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. പക്ഷേ പോരാടനുള്ള ഞങ്ങളുടെ നിശ്ചയദാര്‍ഢ്യം ഇപ്പോഴും ബാക്കിയാണ്- ഷാ ഫൈസല്‍ കുറിച്ചു.


Next Story

RELATED STORIES

Share it