India

എസ്‌ഐആര്‍; 12 രേഖകള്‍ നിര്‍ദേശിച്ച് തിരഞ്ഞെടുപ്പ് കമിഷന്‍

ആധാര്‍ ജനനരേഖയായോ പൗരത്വരേഖയായോ പരിഗണിക്കില്ല, എന്നാല്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കും

എസ്‌ഐആര്‍; 12 രേഖകള്‍ നിര്‍ദേശിച്ച് തിരഞ്ഞെടുപ്പ് കമിഷന്‍
X

ന്യൂഡല്‍ഹി: രാജ്യവ്യാപക ബിഹാര്‍ മോഡല്‍ എസ്‌ഐആര്‍ നടപ്പാക്കാനുള്ള നടപടികളുമായി തിരഞ്ഞെടുപ്പ് കമിഷന്‍. ഒമ്പതു സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് രണ്ടാം ഘട്ടത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കുന്നത്. എസ്‌ഐആര്‍ നടക്കുന്ന ഇടങ്ങളില്‍ വോട്ടര്‍ പട്ടിക ഇന്നുമുതല്‍ മരവിപ്പിക്കും. ആധാര്‍ ജനനരേഖയായോ പൗരത്വരേഖയായോ പരിഗണിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമിഷണര്‍ വ്യക്തമാക്കി. എന്നാല്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കും.

കേരളത്തിനു പുറമെ ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി, ആന്തമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമായിരിക്കും രണ്ടാം ഘട്ടത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കുക. എസ്‌ഐആറിന്റെ കരട് പട്ടിക ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. നവംബര്‍ നാലുമുതല്‍ ഡിസംബര്‍ നാലുവരെയായിരിക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടക്കുക. എസ്‌ഐആറിനു ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി ഏഴിനായിരിക്കും പ്രസിദ്ധീകരിക്കുക. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

51 കോടി വോട്ടര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള എസ്ആര്‍ഐ നടപടികളാണ് രാജ്യത്ത് നടക്കുക. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 5.33 ലക്ഷം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍(ബിഎല്‍ഒ), ഏഴുലക്ഷത്തിലധികം വരുന്ന ബൂത്ത് ലെവല്‍ ഏജന്റുമാര്‍(ബിഎല്‍എ)എസ്‌ഐആര്‍ പ്രക്രിയയില്‍ ഭാഗമാകും. നവംബര്‍ നാലുമുതല്‍ ഡിസംബര്‍ നാലുവരെയായിരിക്കും ഇതുമായി ബന്ധപ്പെട്ട നടപടിക്രമം നടക്കുക. ബിഎല്‍ഒമാര്‍ ഓരോ വീടുകളിലും മൂന്നുതവണ സന്ദര്‍ശിക്കും. ഇതുമായി ബന്ധപ്പെട്ട പരിശീലനവും അച്ചടി രേഖകളും ഉടന്‍ തയ്യാറാക്കും. ഡിസംബര്‍ എട്ടിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2026 ജനുവരി എട്ടുവരെ പരാതി സ്വീകരിക്കും. തുടര്‍ന്ന് ജനുവരി 31ന് പരാതിയുമായി ബന്ധപ്പെട്ട വിശദീകരണം കേള്‍ക്കും. അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമിഷന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമിഷന്‍ നിര്‍ദേശിക്കുന്ന 12 രേഖകള്‍:

1- കേന്ദ്രസര്‍ക്കാരിലെയോ സംസ്ഥാന സര്‍ക്കാരിലെയോ പൊതുമേഖലാ സ്ഥാപനങ്ങളിലെയോ സ്ഥിരം ജീവനക്കാര്‍ക്കോ അല്ലെങ്കില്‍ പെന്‍ഷന്‍കാര്‍ക്കോ അനുവദിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍.

2- 01.07.1987നു മുന്‍പ് സര്‍ക്കാരോ പ്രാദേശിക അധികൃതരോ ബാങ്കുകളോ പോസ്റ്റ് ഓഫീസോ എല്‍ഐസിയോ പൊതുമേഖലാ സ്ഥാപനങ്ങളോ അനുവദിച്ചിട്ടുള്ള ഐഡി കാര്‍ഡ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രേഖ.

3- ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റ്.

4- പാസ്‌പോര്‍ട്ട്.

5- അംഗീകൃത ബോര്‍ഡുകള്‍, സര്‍വകലാശാലകള്‍ നല്‍കുന്ന മെട്രിക്കുലേഷന്‍/വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്.

6- ബന്ധപ്പെട്ട സംസ്ഥാന അധികാരികള്‍ നല്‍കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്.

7- വനാവകാശ സര്‍ട്ടിഫിക്കറ്റ്.

8- ഒബിസി/എസ്സി/എസ്ടി അല്ലെങ്കില്‍ യോഗ്യതയുള്ള അതോറിറ്റി നല്‍കുന്ന ഏതെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ്.

9- ദേശീയ പൗരത്വ രജിസ്റ്റര്‍(നിലനില്‍ക്കുന്നിടത്തെല്ലാം).

10- സംസ്ഥാന/തദ്ദേശ അധികാരികള്‍ തയ്യാറാക്കിയ കുടുംബ രജിസ്റ്റര്‍.

11- സര്‍ക്കാരിന്റെ ഭൂമി/വീട് അലോട്ട്‌മെന്റ് സര്‍ട്ടിഫിക്കറ്റ്.

12- ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുന്നതിന് 09.09.25നു പുറത്തിറക്കിയ 23/2025ഇആര്‍എസ്/വോളിയം രണ്ടിലെ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.

Next Story

RELATED STORIES

Share it