India

പെരുന്നാളിങ്ങെത്തി'; ഇനി എപ്പോഴാണ് ഞങ്ങളെ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുക

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടതിനു ശേഷം ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയാത്ത ആശങ്കയിലാണ് നാദിറ ഉള്‍പ്പെടെ ലക്ഷക്കണക്കിന് കശ്മീരികള്‍.

പെരുന്നാളിങ്ങെത്തി; ഇനി എപ്പോഴാണ് ഞങ്ങളെ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുക
X

ശ്രീനഗര്‍: ശ്രീഗനറിലെ പഴയ നഗരമായ ഫതഹ് കാദലില്‍ നിന്ന് നടന്നാണ് നാദിറ അജാസ് ഡപ്യൂട്ടി കമ്മീഷണറുടെ(ഡിസി) ഓഫിസില്‍ എത്തിയത്. റിയാദിലുള്ള മകനും ഡല്‍ഹിയിലുള്ള മകള്‍ക്കും ഫോണ്‍ ചെയ്യണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടതിനു ശേഷം ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയാത്ത ആശങ്കയിലാണ് നാദിറ ഉള്‍പ്പെടെ ലക്ഷക്കണക്കിന് കശ്മീരികള്‍.

ഡിസിയുടെ ഓഫിസില്‍ പ്രത്യേക സൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണും രജിസ്റ്ററുമായി തൊഴിലാളി ഇരിക്കുന്നുണ്ട്. ഫോണ്‍ ഉപയോഗിക്കാനായി കാത്തിരിക്കുന്ന 175 പേരുകള്‍ ഇപ്പോള്‍ തന്നെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഔട്ട്‌ഗോയിങിനേക്കാള്‍ കൂടുതല്‍ ഇന്‍കമിങ് കോളുകളായതു കൊണ്ട് അതില്‍ ആകെ 23 പേര്‍ക്കു മാത്രമേ ഫോണ്‍ ചെയ്യാന്‍ സാധിച്ചിട്ടുള്ളു. ബന്ധുക്കളെയും മക്കളെയും ഹജ്ജിനു പോയ മാതാപിതാക്കളെയുമൊക്കെ വിളിക്കാന്‍ എത്തിയവരെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ് ഓഫിസ് മുറി.

ഇവിടത്തെ ജീവനക്കാരനായ സജ്ജാദ് ഭട്ടിന്റെ സെല്‍ ഫോണ്‍ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുകയാണ്. ദിവസവും 500 മുതല്‍ 600 വരെ കോളുകളാണ് ഈ ഓഫിസ് കൈകാര്യം ചെയ്യുന്നത്. രാവിലെ 8 മുതല്‍ ആരംഭിച്ച് രാത്രി 12.30 ആയാലും ആളുകളുടെ തിരക്കായിരിക്കും. എന്റെ ഫോണ്‍ ചിലപ്പോള്‍ പുലര്‍ച്ചെ 2.30വരെ ശബ്ദിച്ചുകൊണ്ടിരിക്കും. ബന്ധുക്കളെ ബന്ധപ്പെടാന്‍ വിദേശത്ത് നിന്നുള്ള വിളികളാണ്.

ജില്ലയിലെ ആകെ പ്രവര്‍ത്തിക്കുന്ന രണ്ട് നമ്പറുകള്‍ ഈ ഓഫിസിലേതു മാത്രമായതു കൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടേക്ക് ആളുകളെത്തുന്നു. ഇവിടുത്തെ നമ്പര്‍ റേഡിയോയിലും ടെലിവിഷനിലും പരസ്യമാക്കിയതിനെ തുടര്‍ന്ന് നിരവധി പേര്‍ ഇങ്ങോട്ടുവിളിക്കുന്നുണ്ട്. നാട്ടിലേക്ക് വരാനാവുമോ എന്ന് അന്വേഷിച്ച് വിദേശത്തു നിന്ന് വിളിക്കുന്ന വിദ്യാര്‍ഥികളാണ് കൂടുതലും.

ചണ്ടീഗഡിലുള്ള മകനുമായി സംസാരിക്കാന്‍ റുനിയ അമീന്‍ ഒന്നര മണിക്കൂറാണ് ഡിസി ഓഫിസിലേക്കു നടന്നത്. ഓരോരുത്തര്‍ക്കും 40 മുതല്‍ 50 സെക്കന്റ് വരെ സംസാരിക്കാനാണ് അനുമതി ലഭിക്കുന്നത്. ഞങ്ങള്‍ക്ക് നിലവില്‍ കുഴപ്പമൊന്നുമില്ല എന്ന് ബന്ധുക്കളെ അറിയിക്കാന്‍ മാത്രമായാണ് ഇത്രദൂരം കഷ്ടപ്പെട്ട് വന്നതെന്ന് റുനിയ അമീന്‍ പറഞ്ഞു.

ക്യൂ കണ്ട് അടുത്ത ദിവസം ഭാഗ്യം പരീക്ഷിക്കാമെന്നു കരുതി മടങ്ങുന്നവരുണ്ട്. എന്നാല്‍, ഡിസി ഓഫിസിലേക്ക് എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. ഡല്‍ഹിയിലുള്ള സഹോദരിയെ വിളിക്കാന്‍ വിശാല്‍ സ്‌കൂട്ടറിലേറ്റിയാണ് അമ്മയെയും കൊണ്ടുവന്നത്. ഡിസി ഓഫിസിലേക്കു പോകുന്നവരെ തടയില്ലെന്നായിരുന്നു റേഡിയോയിലെ അറിയിപ്പ്. എന്നാല്‍ പല സ്ഥലത്തും തങ്ങളെ തടഞ്ഞുനിര്‍ത്തിയെന്ന് വിശാല്‍ പറഞ്ഞു.

ദിവസം കഴിയുന്തോറും ഇവിടത്തെ ക്യൂവിന് നീളം കൂടി വരികയാണ്. ഈദിന് ഒന്നോ രണ്ടോ ദിവസങ്ങളേയുള്ളു. പെരുന്നാള്‍ ദിനത്തിലെങ്കിലും സ്വന്തം ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍! അങ്ങിനെ സംഭവിക്കുമെന്നു താങ്കള്‍ കരുതുന്നുണ്ടോ?- വരിയില്‍ നില്‍ക്കുന്നവര്‍ പരസ്പരം ചോദിക്കുന്നു.

Next Story

RELATED STORIES

Share it