India

ഹരിയാന, മഹാരാഷ്ട്ര അസംബ്ലി തിരഞ്ഞെടുപ്പുകള്‍ ഇന്ന് പ്രഖ്യാപിക്കും

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തിയ്യതികളും ഇന്ന് പ്രഖ്യാപിച്ചേക്കും.

ഹരിയാന, മഹാരാഷ്ട്ര അസംബ്ലി തിരഞ്ഞെടുപ്പുകള്‍ ഇന്ന് പ്രഖ്യാപിക്കും
X

ന്യൂഡല്‍ഹി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തിയ്യതികളും ഇന്ന് പ്രഖ്യാപിച്ചേക്കും.

അതേ സമയം, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കില്ലെന്നാണ് അറിയുന്നത്. മഹാരാഷ്ട്രയിലും, ഹരിയാനയിലും ഒക്ടോബര്‍ 27 ദീപാവലി ആഘോഷത്തിന് മുമ്പ് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തിയ്യതി പ്രഖ്യാപിക്കുന്നതോട് കൂടി ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും.

ബിജെപിയും സഖ്യകക്ഷിയായ ശിവസേനയും മഹാരാഷ്ട്രയില്‍ ഇതിനകം തന്നെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ മാസം മഹാ ജന്‍ ആദേശ് യാത്ര എന്ന പേരില്‍ സംസ്ഥാന തല ജാഥ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ സമാനത്തോട് അനുബന്ധിച്ച് വ്യാഴാഴ്ച്ച നടന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി.

ബിജെപിയും ശിവസേനയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചതായാണ് റിപോര്‍ട്ട്. അതേ സമയം, ബിജെപിയിലേക്കും ശിവസേയിലേക്കുമുള്ള നേതാക്കളുടെ കൂട്ടത്തോടെയുള്ള കുടിയൊഴിഞ്ഞ് പോക്ക് കാരണം കോണ്‍ഗ്രസും, എന്‍സിപിയും വലിയ പ്രതിസന്ധിയെ നേരിടുകയാണ്.

കഴിഞ്ഞ തവണ 288ല്‍ 122 സീറ്റുകള്‍ നേടിയാണ് മഹാരാഷ്ട്രയില്‍ ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയത്.

ഹരിയാനയില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ബിജെപി ഭരിക്കുന്നത്. 90 അംഗ അസംബ്ലിയില്‍ ആദ്യമായാണ് രണ്ടാം തവണയും ഒരു പാര്‍ട്ടി തുടര്‍ച്ചയായി ഭൂരിപക്ഷം നേടുന്നത്. കോണ്‍ഗ്രസാണ് നേരത്തെ ഇവിടെ അധികാരത്തിലിരുന്നത്. അതേ സമയം, കോണ്‍ഗ്രസ് ഇവിടെയും ഗ്രൂപ്പ് വഴക്കു മൂലം ആടിയുലയുകയാണ്.

Next Story

RELATED STORIES

Share it