India

'സഭയില്‍ എന്നെ പുകഴ്ത്തി സംസാരിക്കരുത്'; ഡിഎംകെ എംഎല്‍എമാര്‍ക്ക് താക്കീതുമായി എം കെ സ്റ്റാലിന്‍

സഭയില്‍ എന്നെ പുകഴ്ത്തി സംസാരിക്കരുത്; ഡിഎംകെ എംഎല്‍എമാര്‍ക്ക് താക്കീതുമായി എം കെ സ്റ്റാലിന്‍
X

ചെന്നൈ: നിയമസഭയില്‍ സംസാരിക്കുമ്പോള്‍ തന്നെ പുകഴ്ത്തരുതെന്ന് ഡിഎംകെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും താക്കീത് നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സഭയില്‍ തന്നെ പുകഴ്ത്തി സംസാരിച്ച് അനാവശ്യമായി സമയം കളയരുത്. സഭയില്‍ ചോദ്യമുയരുമ്പോഴും ബില്ലുകള്‍ അവതരിപ്പിച്ച് സംസാരിക്കുമ്പോഴും സ്റ്റാലിന്‍ വാഴ്ത്തുകള്‍ വേണ്ടെന്നാണ് നിര്‍ദേശം. ഇതൊരു അപേക്ഷയല്ല, ഉത്തരവാണെന്നും നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി.

നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എമാര്‍ സ്റ്റാലിനെ പുകഴ്ത്തി സഭയില്‍ സംസാരിച്ചതിനെ ചോദ്യംചെയ്താണ് അദ്ദേഹം രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഡിഎംകെ എംഎല്‍എ ജി ഇയ്യപ്പന്‍ നിയമസഭയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചപ്പോള്‍ സ്റ്റാലിന്‍ ഇടപെട്ടിരുന്നു. എംഎല്‍എമാര്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നേതാക്കളെ അനാവശ്യമായി പുകഴ്ത്തി സംസാരിച്ച് സമയം പാഴാക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരേ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പ്രമേയം അവതരിപ്പിച്ചതോടെ കാര്‍ഷിക ബില്ലിനെതിരേ പ്രമേയം അവതരിപ്പിച്ച ആറാമത് സംസ്ഥാനമായി തമിഴ്‌നാട് മാറിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it